film-show-for-dead

Image Credit: AI Generated Image

TOPICS COVERED

തായ്‌ലന്‍ഡില്‍ നടന്ന സിനിമാപ്രദര്‍ശനം വൈറലാകുന്നു. മറ്റാര്‍ക്കും വേണ്ടിയല്ല, മരിച്ചവര്‍ക്ക് വേണ്ടിയാണ്  കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഒരു ശ്മശാനത്തിൽ സിനിമാ പ്രദര്‍ശനം നടത്തിയത്. ജൂണ്‍ രണ്ടു മുതല്‍ ആറുവരെയായിരുന്നു പ്രദര്‍ശനം.

സൗത്ത് ചൈന മോണിങ് പോസ്റ്റിന്‍റെ റിപ്പോർട്ട് പ്രകാരം, തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സിനിമാ പ്രദര്‍ശനത്തിന്‍റെ ഭാഗമായി മരിച്ചവര്‍ക്കായി ഇരിപ്പിടങ്ങളും അവര്‍ക്ക് കഴിക്കാനായി പലഹാരങ്ങളടക്കം വച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആത്മാക്കളെ സമാധാനിപ്പിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും വേണ്ടി  സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഇവൻ്റ് സംഘടിപ്പിച്ചത്.വൈകുന്നേരം ഏഴുമണി മുതൽ അർധരാത്രി വരെയായിരുന്നു ഔട്ട്‌ഡോർ സിനിമാ പ്രദർശനം നടന്നത്. നാല് ശ്മശാനം ജീവനക്കാരാണ് പ്രദര്‍ശനത്തിന് മേല്‍നോട്ടം വഹിച്ചത്. സിനിമാ പ്രദര്‍ശനം കൂടാതെ, മരിച്ചവര്‍ക്കായി വിരുന്നും, ഭക്ഷണവും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മാതൃകാവീടുകളും ഒരുക്കിയിരുന്നു. 

തായ്‌ലൻഡിലെ പല ചൈനീസ് കമ്മ്യൂണിറ്റികളിലും ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിന് മുന്‍പോ ശേഷമോ അല്ലെങ്കിൽ ചിംഗ് മിംഗ് ഫെസ്റ്റിവലിന് ശേഷമോ 'മരിച്ചവർക്കായി' സിനിമകൾ പ്രദർശിപ്പിക്കുന്നത് പതിവാണെന്ന് സംഘാടകരായ സോംചായ് അറിയിച്ചു. സെമിത്തേരിയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഭയമായിരുന്നുവെന്നും എന്നാല്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നുവെന്നും  ഇവന്‍റ് കരാറുകാരൻ യാനവുത് ചക്രവത്തിസവാങ് പറയുന്നു.

ENGLISH SUMMARY:

Thai cemetery screens films for the dead