പങ്കാളിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ലീക്ക് ആകുമെന്ന പേടിവേണ്ട, പരിഹാരവുമായി ജര്‍മന്‍ കമ്പനി രംഗത്തെത്തി. കമ്പനിയുടെ ‘ഡിജിറ്റല്‍ കോണ്ടം’ അനുവദനീയമല്ലാത്ത റെക്കോര്‍ഡിങ്ങുകളെ ഉള്‍പ്പെടെ തടയും. സ്വകാര്യദൃശ്യങ്ങള്‍ പങ്കാളി പ്രചരിപ്പിക്കുമോ എന്ന ഭയവും കമ്പനി പ്രൊഡക്ടിന്റെ പ്രവര്‍ത്തനത്തോടെ അസ്ഥാനത്താകും. ജര്‍മന്‍ കമ്പനിയായ ബില്ലി ബോയ് ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്.
ഓഡിയോ വിഡിയോ റെക്കോര്‍ഡിങ്ങുകളെല്ലാം തടസപ്പെടുത്തുന്നതാണ് പുതിയ ആപിന്റെ പ്രവര്‍ത്തനം. സെന്‍സിറ്റീവ് ഡാറ്റകള്‍ക്കു പോലും സുരക്ഷയില്ലാത്ത
സ്മാര്‍ട്ട്ഫോണുകളുടെ ഇക്കാലത്ത് ആപിന്റെ ഉപയോഗത്തിനു പ്രസക്തി ഏറെയാണെന്ന് ആപ് ഡെവലപ്പര്‍ ഫെലിപ് അല്‍മേഡ പറഞ്ഞു. സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുന്നതും അതു പ്രചരിപ്പിക്കുന്നതും തടയുക എന്നതാണ് തങ്ങളുടെ ആപ് കാംഡോമിന്റെ ലക്ഷ്യമെന്നും ഫെലിപ് പറയുന്നു. ഡിജിറ്റല്‍ സ്വകാര്യത ലംഘനങ്ങള്‍ തടയുക എന്നത് ഇക്കാലത്തിന്റെ ആവശ്യമാണെന്നും കമ്പനി വക്താക്കള്‍ വ്യക്തമാക്കുന്നു.
കാംഡോം ആപിന്റെ പ്രവര്‍ത്തനരീതിയും കമ്പനി വെബ്സൈറ്റില്‍ വ്യക്തമാണ്. സ്വകാര്യ നിമിഷങ്ങള്‍ക്കു മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അടുത്തടുത്ത് വയ്ക്കണം. ഓഡിയോ വിഡിയോ റെക്കോര്‍ഡിങ് ബ്ലോക്ക് ആക്ടീവാകാന്‍ ആപിലെ വെര്‍ച്വല്‍ ബട്ടണ്‍ താഴേക്ക് സ്വൈപ് ചെയ്യണം. ബ്ലോക്ക് ലംഘിച്ച് റെക്കോര്‍ഡിങ്ങിന് എന്തെങ്കിലും ശ്രമം ഉണ്ടായാല് അലാം മുഴങ്ങും. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളെ തടയാന്‍ ശേഷിയുള്ളവയാണ് ഈ കാംഡോം.
സ്വകാര്യനിമിഷങ്ങളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ് കൂടി പ്ലേ സ്റ്റോറുകളിലെത്തുന്നത്. എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ കമ്പനി പ്രതിജ്ഞാ ബദ്ധമാണെന്നും വക്താക്കള്‍ പറയുന്നു. ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും ആപ് പ്രവര്‍ത്തിക്കും. കമ്പനിയുടെ ആപിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്നത്. രസകരമായും ഗൗരവത്തോടെയും ആപിനെക്കുറിച്ച് കമന്റുകള്‍ നിറയുന്നുണ്ട്.