modi-award

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. 'ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു' എന്ന രാജ്യത്തെ പരമോന്നത ബഹുമതിയാണ് പുടിന്‍ മോദിക്ക് സമ്മാനിച്ചത്. ഈ പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. ഒപ്പം പുടിനില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്നതിന്‍റെ ചിത്രവും മോദി എക്സില്‍ പങ്കുവച്ചു. തനിക്ക് പുരസ്കാരം നല്‍കിയ റഷ്യന്‍ ഗവണ്‍മെന്‍റിനുളള നന്ദിയും മോദി എക്സില്‍ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് റഷ്യയുടെ പരമോന്നത ബഹുമതി ലഭിക്കുന്നത്.

സിവിലിയന്‍മാര്‍, സൈനിക മേഖലിയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ബഹുമതിയാണ് ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും ഇന്ത്യ-റഷ്യ സൗഹൃദം വളര്‍ത്തുന്നതിനും വേണ്ടിയും പ്രവര്‍ത്തിച്ച ആളെന്ന നിലയ്ക്കാണ് മോദിക്ക് ഈ ബഹുമതി നല്‍കി റഷ്യന്‍ ഗവണ്‍മെന്‍റ് ആദരിച്ചത്. അതേസമയം നരേന്ദ്രമോദിയും വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഇന്ത്യക്കാരുടെ മോചനത്തിന് വഴിതുറന്നിരിക്കുകയാണ്. 

റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഇന്നലെ വ്ളാഡിമിര്‍ പുടിന്‍ ഒരുക്കിയ സ്വകാര്യ വിരുന്നിലാണ് റഷ്യന്‍ ആര്‍മിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനം ചര്‍ച്ചയായത്. ഇവരെ തിരിച്ചെത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 30 മുതല്‍ 45 വരെ ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിനായി യുക്രെയ്ന്‍ യുദ്ധമുഖത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മലയാളികള്‍ അടക്കം 10 പേരെ നേരത്തെ തിരിച്ചെത്തിച്ചിരുന്നു. അതിനിടെ ഇന്ത്യ റഷ്യയുമായി അടുക്കുന്നതില്‍ ആശങ്ക അറിയിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

PM Narendra Modi receives Russia's highest civilian honour during Moscow trip