puttin-modi

മനുഷ്യക്കടത്തിന് ഇരയായി റഷ്യന്‍ സൈന്യത്തില്‍ എത്തപ്പെട്ട ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മോചനത്തിന് വഴിതുറന്നത്. അതിനിടെ ഇന്ത്യ റഷ്യയുമായി അടുക്കുന്നതില്‍ യു.എസ്. ആശങ്ക അറിയിച്ചു.

 

റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി ഇന്നലെ വ്ളാഡിമിര്‍ പുട്ടിന്‍  ഒരുക്കിയ സ്വകാര്യ വിരുന്നിലാണ് റഷ്യന്‍ ആര്‍മിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനം ചര്‍ച്ചയായത്. ഇവരെ തിരിച്ചെത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇന്ന് മോദി– പുട്ടിന്‍ ഉഭയകക്ഷി ചര്‍ച്ചയിലും തുടര്‍ന്ന് നടക്കുന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചയിലും തുടര്‍നടപടികളില്‍ തീരുമാനമുണ്ടാകും. 30 മുതല്‍ 45 വരെ ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിനായി യുക്രെയ്ന്‍ യുദ്ധമുഖത്ത് ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം. മലയാളികള്‍ അടക്കം 10 പേരെ നേരത്തെ തിരിച്ചെത്തിച്ചിരുന്നു. അതിനിടെ ഇന്ത്യ റഷ്യയുമായി അടുക്കുന്നതില്‍ അമേരിക്ക ആശങ്ക അറിയിച്ചു. യുക്രെയ്ന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കിക്കൊണ്ടും യു.എന്‍. ചട്ടങ്ങള്‍ പാലിച്ചുകൊണ്ടും മാത്രമെ റഷ്യ– യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരമാകുവെന്നും   റഷ്യയുമായി ചര്‍ച്ച നടത്തുന്ന ഏത് രാജ്യവും ഈ  നിലപാട് സ്വീകരിക്കണമെന്നും യു.എസ്. വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. 

Russia broadly agrees to discharge all Indians operating as support staff to Russian military: