ബാങ്കോക്കിലെ ആഢംബര ഹോട്ടലില്‍ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണ കാരണം എന്നാണ് പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തായ് പൊലീസ് അറിയിക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവത്തില്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രിയാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്.
ജൂലായ് 16 നായിരുന്നു സംഭവം. ശനി, ഞായർ ദിവസങ്ങളിലായി എത്തിയ ഇവര്‍ വ്യത്യസ്ത സമയങ്ങളിലായാണ് ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഇതില്‍ രണ്ട് പേർ വിയറ്റ്നാമീസ് വംശജരായ അമേരിക്കന്‍ പൗരന്‍മാരും നാല് പേർ വിയറ്റ്നാം പൗരന്മാരുമാണ്. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.
ഹോട്ടലില്‍ തങ്ങിയ ഇവരുടെ മൃതദേഹങ്ങള്‍ ജൂലൈ 16ന് ഒരു മുറിയില്‍ കണ്ടെത്തുകയായിരുന്നു. വൈകീട്ടോടു കൂടി ഹോട്ടല്‍ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ മുറിയിലെ ഗ്ലാസുകളിലും ചായപ്പാത്രത്തിലും മാരകമായ സയനൈഡിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുടെ ശരീരത്തില്‍ മറ്റ് പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ഒരു ടൂർ ഗൈഡിനെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ചതില്‍ നിന്നും ഇവര്‍ക്കിടയില്‍ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവര്‍ ചായ കുടിക്കാനുപയോഗിച്ച ആറ് കപ്പുകളിലും സയനൈഡിന്‍റെ അംശം കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഏഴാമത് ഒരാള്‍ക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.