തായ്‌ലന്‍ഡില്‍ ബോഡി മസാജിനിടെയുള്ള ഗായകയുടെയും വിനോദസഞ്ചാരിയുടെയും മരണം ആരോഗ്യ രംഗത്ത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. മരണത്തിന് പിന്നാലെ ഡോക്ടർമാരും മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മസാജ് ചെയ്തതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ മരണങ്ങൾ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ രാജ്യത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെത്തുടർന്നാണ് 20 കാരിയായ തായ് ഗായിക ചയാദ പ്രാവോ ഹോം മരിക്കുന്നത്. രക്തത്തില്‍ അണുബാധയും തലച്ചോറില്‍ വീക്കവുമുണ്ടായതോടെ ചികിത്സയിലായിരുന്നു ഇവര്‍. തോളിലെ വേദന കുറയ്ക്കുന്നതിനായി മസാജ് പാർലറിൽ പോകുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചയാദ പറഞ്ഞിരുന്നു. ഒക്ടോബറിലെ ആദ്യ സെഷനില്‍ കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള (നെക്ക് ട്വിസ്റ്റിങ്) മസാജ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. ഇതിനിടയിൽ രണ്ടാം സെഷനിലും പങ്കെടുത്തു. തുടർന്ന് ആരോഗ്യം കൂടുതൽ വഷളാവുകയായിരുന്നു. വടക്കുകിഴക്കൻ ഉഡോൺ താനി നഗരത്തിലെ ആശുപത്രിയില്‍വച്ച് ഞായറാഴ്ചയായിരുന്നു ചായദ മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികാരികൾ അറിയിച്ചു.
സമാനമായി തന്നെയായിരുന്നും വിനോദസഞ്ചാരിയായലീ മുൻ ടുക്കിന്‍റെയും മരണം. ഫുക്കറ്റിലെ പാറ്റോങ് ബീച്ചിലെ ഒരു പാർലറിൽ 45 മിനിറ്റ് ഓയിൽ മസാജ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ലീ മുൻ ടുക്ക് (52) മരിച്ചത്. മസാജിങ്ങിനിടെ ലീ ഉറങ്ങിപ്പോയെന്നും കുറച്ച് സമയത്തിന് ശേഷം മരണവെപ്രാളം കാണിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്‍റെ ജീവിതക്രമങ്ങള്‍ വളരെമോശമായിരുന്നുവെന്നും സെഷനു പോകുമ്പോൾ അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ മസാജിങ് മാത്രമാണ് മരണകാരണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പൊലീസിനോടു പറഞ്ഞു.
തുടര്‍ച്ചയായ സംഭവങ്ങള്‍ക്കു പിന്നാലെ മുന്നറിയിപ്പുമായി ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. കഴുത്ത് വളച്ചൊടിക്കുകയോ നട്ടെല്ലില്‍ മസാജ് ചെയ്യുകയോ ചെയ്യുന്നത് പക്ഷാഘാതത്തിന് കാരണമാകുമെന്ന് റാംഗ്‌സിറ്റ് യൂണിവേഴ്‌സിറ്റിയിലെ ഓറിയൻ്റൽ മെഡിസിൻ പ്രൊഫസർ ഡോ ഹേമചൂധ മുന്നറിയിപ്പ് നൽകി. തെറ്റായ രീതിയിൽ ചെയ്താൽ മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇത് മസ്തിഷ്ക കോശങ്ങളുടെ മരണം, ഹെമിപ്ലെജിയ, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുകയോ അപകടസാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറയുന്നു.