യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്. ആരോഗ്യപ്രശ്നങ്ങളും പ്രായവും കണക്കിലെടുത്ത് ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ വെല്ലുവിളി. അതിനിെട ഒരു ചാനല്‍ അഭിമുഖത്തില്‍ പിന്‍മാറിയേക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചതും ചര്‍ച്ച കൊഴുപ്പിച്ചു.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചാല്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നകാര്യം ആലോചിക്കുമെന്ന് ബൈഡന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് പുറത്തുവിടുന്നത്. എണ്‍പത്തൊന്നുകാരനായ ബൈഡന്‍ പിന്‍മാറണമെന്ന് ഡെമക്രറ്റുകള്‍ തന്നെ ആവശ്യമുയര്‍ത്തിയിരുന്നു.
താന്‍ ഒറ്റത്തവണയേ പ്രസിഡന്‍റാകൂ എന്നും അതിനുശേഷം പുതിയ തലമുറയ്ക്ക് വഴിമാറുമെന്നുമാണ് അധികാരമേറ്റപ്പോള്‍ ബൈഡന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് വിമര്‍ശനങ്ങള്‍ക്കിടയിലും താന്‍ തന്നെ മല്‍സരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യാന്തരവേദികളില്‍ ബൈഡന്റെ നാവു പിഴകള്‍ പലപ്പോഴും ഡെമക്രാറ്റുകളെ ഞെട്ടിച്ചു. ഓര്‍മക്കുറവുണ്ടെന്ന വാദം ബൈഡന്‍ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് സംവാദത്തില്‍ ട്രംപിന് മുന്നില്‍ അടിപതറിയയത് പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടി.
പെന്‍സില്‍വാനിയില്‍ ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പ് കാര്യങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമാക്കി. പ്രചാരണരംഗത്ത് ട്രംപിന് കിട്ടിയ ഹീറോ ഇമേജും ബൈഡന്‍റെ മോശം ആരോഗ്യവും ഡെമക്രറ്റിക് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് പരസ്യമായി നേതാക്കള്‍ പ്രതികരിച്ചു. പാര്‍ട്ടി പ്രൈമറികള്‍ നേടിയെത്തിയ സ്ഥിതിക്ക്, അവസാന ലാപ്പില്‍ ബൈഡന്‍ പിന്‍മാറുമോ എന്ന് കണ്ടറിയണം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് പകരമാര് എന്ന ചോദ്യത്തിന് പെട്ടെന്നൊരുത്തരം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നിലില്ല താനും.