vhp-explanation

നല്ലേപ്പള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയതില്‍ ന്യായീകരണവുമായി വി.എച്ച്.പി. സ്കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്താമോ എന്നാണ് അന്വേഷിച്ചത്. പ്രധാന അധ്യാപിക തെറ്റ് സമ്മതിച്ചതാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും വി.എച്ച്.പി നേതൃത്വം വിശദീകരിച്ചു. വിഷയത്തില്‍ സന്ദീപ് വാരിയര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വി.എച്ച്.പി ആരോപിച്ചു. 

Read Also: പാലക്കാട്ട് സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും തകർത്ത നിലയിൽ

പാലക്കാട് നല്ലേപ്പിള്ളി ജി.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വി എച്ച് പി ഭീഷണിപ്പെടുത്തിയതിലുള്ള പ്രതിഷേധത്തിനിടെ സമീപ സ്കൂളായ തത്തമംഗലം ജി.ബി. യു.പി.യിലെ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും തകര്‍ത്തനിലയില്‍. രണ്ട് സംഭവങ്ങളിലും സമാനതയുണ്ടോ, ബോധപൂര്‍വമുള്ള ആക്രമണമാണോ എന്നത് ചിറ്റൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അതേസമയം വിഷയത്തില്‍ സന്ദീപ് വാരിയരെ ഉന്നമിട്ട് ബിജെപിയും വിഎച്ച്പിയും രംഗത്തെത്തി.  കേസിനെ നിയമപരമായി നേരിടുമെന്ന് വിഎച്ച്പി പ്രതികരിച്ചു. 

 

വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷം കഴിഞ്ഞ് തിങ്കളാഴ്ച കുട്ടികളെ കാണിക്കാനായി കരുതിയ അലങ്കാരങ്ങളാണ് തത്തമംഗലത്ത് നശിപ്പിച്ചതെന്ന് പ്രഥമാധ്യാപകന്‍ പറയുന്നു. 

നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത് വർഗീയ സമീപനമെന്ന് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. അതേസമയം, ബി.ജെ.പി യുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നതിൻ്റെ തെളിവെന്ന് സന്ദീപ് വാരിയർ പറഞ്ഞു.  എന്നാല്‍ ആരോപണങ്ങള്‍ ബി.ജെ.പിക്കെതിരായ ഗൂഢാലോചനയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. 

ഇതിനിടെ നല്ലേപ്പിള്ളിയിലെ വിശ്വഹിന്ദ് പരിഷത്തിന്‍റെ ഭീഷണിയില്‍ അധ്യാപകര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയും, യൂത്ത് കോണ്‍ഗ്രസും സൗഹൃദ കാരള്‍ സംഘടിപ്പിച്ചു. സ്കൂള്‍ കവാടത്തില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഇരുവിഭാങ്ങളിലുമായി നിരവധിപേര്‍ പങ്കെടുത്തു. 

ചിറ്റൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നല്ലേപ്പിള്ളിയിലെയും, തത്തമംഗലത്തെയും കേസുകളിലെ സമാനതയുള്‍പ്പെടെ‍ അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്കൂളിലെത്തി തെളിവെടുത്തു.

ENGLISH SUMMARY:

VHP justifies disrupting Christmas celebrations at Nallepally School