sea-jump

TOPICS COVERED

കാമുകിക്ക് ഫോണിന്‍റെ പാസ്‌വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ച് കടലില്‍ ചാടി യുവാവ്. ഫ്ലോറിഡയിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലാണ് യുവാവ് കടലില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസം വിഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.

എജെ എന്ന യുവാവാണ് കാമുകിക്ക് പാസ്‌വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ച് കടലില്‍ ചാടിയത്. ബോട്ടുയാത്രയിലായിരുന്ന എജെയും കാമുകിയും യാത്രക്കിടെ ബോട്ടില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷൻ ഉദ്യോഗസ്ഥർ യാത്ര തടയുകയും ഔദ്യോഗിക രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രേഖകള്‍ നല്‍കാതെ എജെ ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. 

പെട്രോളിങ്ങിനിടെയാണ് എജെയും കാമുകിയും സഞ്ചരിക്കുന്ന ബോട്ട് പൊലീസ് തടയുന്നത്. ഇവരുടെ കയ്യിൽ മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനത്തിന്റെ പേരിൽ ബോട്ട് തടഞ്ഞ പൊലീസ് യുവാവിനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നതും യുവാവ് ക്ഷുഭിതനാകുന്നതും വിഡിയോയിൽ കാണാം. തന്നെ അറസ്റ്റ് ചെയ്യാൻ വാറന്‍റുണ്ടോയെന്ന്  യുവാവ് ചോദിക്കുമ്പോൾ തങ്ങളുടെ കയ്യിലിരുന്ന സ്‌ക്രീനിൽ പൊലീസുകാർ വാറന്‍റ് കാണിക്കുന്നതും വിഡിയോയിലുണ്ട്.

ഇതിനിടയിൽ പലതവണ യുവതി എജെയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അതിന് വഴങ്ങിയില്ല. ഒടുവിൽ എജെയുടെ മേലുദ്യോഗസ്ഥന്റെ നമ്പർ നൽകാമെന്ന് പറയുകയും നമ്പര്‍ നല്‍കാനായി എജെയുടെ ഫോൺ പാസ്‌വേര്‍ഡ്  ചോദിക്കുകയും ചെയ്യുന്നു. എന്നാല്‍ യുവാവ് പാസ്‌വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചു. താൻ ജയിലിൽ പോകാൻ തയ്യാറല്ലെന്നും താൻ കടലിലേക്ക് ചാടുമെന്നും എജെ ഭീഷണിമുഴക്കി. 

കടലിൽ ചാടിയാൽ ബന്ധം അവസാനിപ്പിക്കുമെന്ന് യുവതി പറഞ്ഞെങ്കിലും എജെ അതിലും ശാന്തനായില്ല. താൻ കടലിൽ ചാടി നീന്തിപോയാൽ എന്ത് സംഭവിക്കുമെന്ന് എജെ പൊലീസിനോട് ചോദിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതിനു പിന്നാലെ യുവാവ് കടലിലേക്ക് ചാടി. ഏഴ് മിനിറ്റോളം കടലിൽ എജെയെ പിന്തുടർന്ന പൊലീസ് തീരത്ത് വച്ച് ഇയാളെ അറസ്റ്റ് ചെയ്തു. തുടർ നടപടികള്‍ എന്താണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ENGLISH SUMMARY:

Florida man jumps in ocean to avoid giving phone password to his girlgriend