kamala

വിസ്കോസിനിലെ ആദ്യ റാലിയില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്. ഭീതിയും വെറുപ്പും സൃഷ്ടിക്കാനാണ് ട്രംപിന്‍റെ ശ്രമമെന്ന് കമല വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയ്ക്ക് പിന്തുണയറിയിച്ച് കൂടുതല്‍ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. അതേസമയം, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൗനം അനിശ്ചിതമായി തുടരുകയാണ്.  

യുഎസ് പ്രസിഡന്‍റ് മത്സരത്തില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറിയതോടെ കമല ഹാരിസിനെ പിന്തുണച്ച് കൂടുതല്‍ പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വത്തിനായി 300 ഡെലിഗേറ്റുകളുടെ പിന്തുണ വേണ്ടിടത്ത് അറുന്നൂറോളം ഡെമോക്രാറ്റിക് ഡെലിഗേറ്റുകളും വിവിധ സംസ്ഥാന ഗവര്‍ണര്‍മാരും കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

ബൈഡന്‍ പിന്മാറിയാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന സെനറ്റര്‍ ജോ മാഞ്ചിന്‍, ഗവര്‍ണര്‍മാരായ ഗാവിന്‍ ന്യൂസം, ഗ്രെച്ചെന്‍ വിറ്റ്‍മെര്‍, ജോഷ് ഷാപിറോ എന്നിവര്‍ പിന്തുണ അറിയിച്ചതോടെ പാര്‍ട്ടിയില്‍ കമലയുടെ എതിരാളികളുടെ എണ്ണം കുറഞ്ഞു. മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, ഭാര്യ  ഹിലാരി ക്ലിന്‍റണ്‍ തുടങ്ങിയവര്‍ കമലയ്ക്ക് പിന്തുണയറിയിച്ചു. 

 

ബൈഡന്‍റെ നാമനിര്‍ദേശത്തിന് പിന്നാലെ ചരിത്രത്തിലാദ്യമായി ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ കമലക്കായി 81മില്യണ്‍ ഡോളര്‍ ഒഴുകിയെത്തിയതെന്ന് പാര്‍ട്ടിയുടെ ധനസമാഹാര സംഘടനയായ ആക്ട്ബ്ളൂ അറിയിച്ചു. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചാല്‍ ഹിലറി ക്ളിന്‍റനു ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ വനിതയാകും കമല. പിന്തുണകളും ആരവങ്ങളും സജീവമെങ്കിലും ബറാക് ഒബാമയുടെ നിശബ്ദത പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയാകുന്നുണ്ട്. 

ENGLISH SUMMARY:

Kamala Harris against Donald Trump in US President Election.