hiroshima-day

TOPICS COVERED

നാളെ ഓഗസ്​റ്റ് 6, ഹിരോഷിമദിനം. ഇരുപതാം നൂറ്റാണ്ടില്‍ ലോകം കണ്ട സമാനതകളില്ലാത്ത ക്രൂരതയ്ക്ക് 79 വര്‍ഷം. 1945, ലോകമെങ്ങും രണ്ടാം ലോകമഹായുദ്ധത്തിന്റെ തീവ്രത അനുഭവിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി ഹിറ്റ്ലറുടെ മരണത്തോടെ ജര്‍മ്മനിയും സാമ്രാജിത്യശക്തി അമേരിക്കക്കു മുന്നില്‍ അടിയറവു പറഞ്ഞു. ഇനി കീഴടങ്ങാനുള്ളത് ജപ്പാന്‍ എന്ന സൈനികശക്തി. കീഴടങ്ങണം എന്ന അമേരിക്കയുടെ അന്ത്യശാസനം ഏത് പ്രതിസന്ധിയില്‍ നിന്നും ഉയര്‍ന്നു വരുന്ന ജപ്പാന്‍ എന്ന കരുത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. പക്ഷെഅതിന്  ജപ്പാന് കൊടുക്കേണ്ടിവന്ന വില ക്രൂരതക്കു സമാനതകളില്ലാത്തത്. 

ഓഗസ്റ്റ് ആറിന് രാവിലെ ജപ്പാനിലെ ഹിരോഷിമക്കു മുകളില്‍ വട്ടമിട്ട അമേരിക്കന്‍ വിമാനത്തില്‍ നിന്ന്  ലിറ്റില്‍ ബോയ് എന്ന യുറേനിയം ബോംബ് പതിച്ചു. പിന്നെ കണ്ടത് ഒരു നഗരം ഒന്നാകെ കത്തിയമരുന്നത്. പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. മൂന്നു ദിവസത്തോളം ഹിരോഷിമ കത്തി. ലിറ്റില്‍ ബോയ് കവര്‍ന്നെടുത്തത് ഒന്നരലക്ഷം ജീവനുകള്‍. അവശേഷിച്ചവരില്‍ പകുതിപേരും മരണത്തേക്കാ‍ള്‍ വലിയ വേദനയുടെ സാക്ഷ്യങ്ങളായി. ലിറ്റില്‍ ബോയ് ഉണ്ടാക്കിയ അണുവികരണം പിന്നീട് തലമുറകളോളം ജപ്പാനെ പിന്തുടര്‍ന്നു. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ അംഗവൈകല്യം ബാധിച്ചവരും രോഗികളുമായിത്തീര്‍ന്നു. ഇന്നും ആളുകള്‍ മരിക്കുന്നു. 79 വര്‍ഷത്തിനിപ്പുറവും പഠനങ്ങള്‍ നടക്കുന്നു.  

പക്ഷെ ജപ്പാന്റെ മനക്കരുത്തിനുമുന്നില്‍ ലോകം തലകുനിച്ചു. വളര്‍ച്ചയുടെ പുതിയ അധ്യായമെഴുതിക്കൊണ്ട് ജപ്പാന്‍ അമേരിക്ക എന്ന സാമ്രാജിത്യശക്തിക്ക് മറുപടി നല്‍കി. കാലങ്ങള്‍ കടന്നുപോകുന്തോറും ഹിരോഷിമ ഉയര്‍ത്തെഴുന്നേറ്റു. മഹാദുരന്തത്തിനപ്പുറം അതിജീവനം സാധ്യമാണെന്ന് ജപ്പാന്‍ തെളിയിച്ചു. ചരിത്രമെഴുതി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഡോണള്‍ഡ് ട്രംപും ജപ്പാന്‍ സന്ദര്‍ശിക്കാനെത്തി. ഇടക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ വെല്ലുവിളിയാണെങ്കിലും ലോകഭൂപടത്തില് പകരം വയ്ക്കാനില്ലത്ത ശക്തിയാണ് ഇന്ന് ജപ്പാന്‍.  

ENGLISH SUMMARY:

79 years since the unparalleled atrocity of Hiroshima