• 17 വര്‍ഷമായി ജയിലിലായിരുന്നു ഖാലിദ സിയ
  • തടവിലുള്ള മറ്റ് നേതാക്കളെയും മോചിപ്പിക്കും
  • ഹസീനയുടെ ലണ്ടന്‍ യാത്രയില്‍ തീരുമാനമായില്ല

ആളിക്കത്തിയ കലാപത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ ജയിലില്‍ നിന്നും മോചിപ്പിച്ചു. 17 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു സിയ. ഹസീന തടവിലാക്കിയ മറ്റു നേതാക്കളെയും മോചിപ്പിക്കുമെന്ന് ബംഗ്ലദേശ് പ്രസിഡന്‍റ്  മുഹമ്മദ് ഷഹാബുദീന്‍ അറിയിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്.

അതിനിടെ പാര്‍ലമെന്‍റിലും ഷെയ്ഖ് ഹസീനയുടെ വസതിയിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറി. ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത് അഞ്ഞൂറിലേറെപ്പേരെ മോചിപ്പിച്ചു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി. അതേസമയം, ബംഗ്ലദേശില്‍ നിന്ന് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീനയുടെ ലണ്ടനിലേക്കുള്ള യാത്രയില്‍ അന്തിമതീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം തേടി അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

Bangladesh’s President Mohammed Shahabuddin released former PM and opposition leader Khaleda Zia, hours after her archrival Sheikh Hasina was ousted and fled the country.