bangladesh-pm-office-vandalized-protest

ബംഗ്ലദേശില്‍ ആഭ്യന്തര കലാപം രൂക്ഷമാകുമ്പോള്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീനയുടെ ഔദ്യോഗിക വസതി കീഴടക്കി പ്രതിഷേധക്കാര്‍. ഷെയ്ക് ഹസീന സഹോദരിയുമായി രാജ്യം വിട്ടതിന് പിന്നാലെയാണ് സംഭവങ്ങള്‍. പ്രധാനമന്ത്രിയുടെ കസേരയില്‍ കയറി ഇരിക്കുക, സെല്‍ഫി എടുക്കുക, സാരിയടക്കം എടുത്ത ധരിക്കുക എന്നിങ്ങനെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഔദ്യോഗിക വസതിയായ ഗാനഭബനിൽ ബംഗ്ലദേശിന്‍റെ പതാകയുമേന്തി ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ ഗേറ്റുകള്‍ തകര്‍ത്താണ് അകത്തുകയറിയത്. വസതിയിലെ പാത്രങ്ങളും പരവതാനികളും പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളടക്കം ജനക്കൂട്ടം സ്വന്തമാക്കി. ഓഫിസിലെ കസേരകളിലും മേശപ്പുറത്തും കയറിയിരിക്കുക, സെല്‍ഫി എടുക്കുക, ഫയലുകളെടുത്ത് പരതുന്നതായി പോസ് ചെയ്യുക എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്‍റെയും വീട്ടിലെ ക്ലോക്ക് അടക്കം അടിച്ചുമാറ്റുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു.

രണ്ടു വർഷം മുൻപ് ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ ഭക്ഷണം കഴിക്കുന്നതിന്‍റെയും നീന്തല്‍കുളത്തില്‍ കുളിക്കുന്നതിന്‍റെയും മയിലിനെവരെ കടത്തിക്കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. 

അതേസമയം, ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യം വിട്ടിട്ടും ബംഗ്ലദേശില്‍ കലാപമൊഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ വസതി നശിപ്പിക്കുക മാത്രമല്ല ഷേര്‍പ്പുര്‍ ജയില്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ അഞ്ഞൂറിലേറെ തടവുകാരെയാണ് മോചിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫിസുകളും എം.പിമാരുടെ വസതികളുമടക്കം കത്തിച്ച ജനക്കൂട്ടം, ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ അടിച്ചുകൊലപ്പെടുത്തി.

അതിനിടെ, അര്‍ധരാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി.17 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഖാലിദ സിയയെ മോചിപിച്ചു. ബംഗ്ലദേശില്‍ നിന്ന് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീനയുടെ ലണ്ടനിലേക്കുള്ള യാത്രയില്‍ അന്തിമതീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്.

ENGLISH SUMMARY:

As civil unrest rages in Bangladesh, protesters storm Prime Minister Sheikh Hasina's official residence. The footage of protesters climbing on the prime minister's chair, taking selfies and looting things is going viral on social media.