ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും . മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ 15 അംഗങ്ങളാണുള്ളത്. ഇടക്കാല സര്‍ക്കാരിലെ മറ്റംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല. ബംഗ്ലദേശിലെ ഇന്ത്യന്‍ എംബസിയില്‍ അംഗബലം കുറച്ചു. ഇന്ത്യയില്‍നിന്ന് ധാക്കയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.

ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ നേതൃത്വംനല്‍കിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ച മുഹമ്മദ് യൂനുസ് അക്രമത്തിന്‍റെ പാത ഉപേക്ഷിച്ച് രാജ്യത്തെ പുനര്‍നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്നലെ രാത്രിയാണ് യൂനുസിനെ സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവായി രാഷ്ട്രപതി നിയമിച്ചത്. ബീഗം ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും പ്രതിനിധികള്‍ മന്ത്രിസഭയില്‍ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. ബംഗ്ലദേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ അവശ്യ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി. ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും ഹൈക്കമ്മിഷന്‍ ആരംഭിച്ചു.  

എയര്‍ ഇന്ത്യയും വിസ്താരയും ഇന്ഡിഗോയും ധാക്കയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിച്ചു. ഇന്ത്യ –ബംഗ്ലദേശ് വ്യാപാര ബന്ധവും വൈകാതെ പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. അതിര്‍ത്തിയില്‍ ജാഗ്രത തുടരുകയാണ്.

ENGLISH SUMMARY:

Bangladesh : Muhammad Yunus to take oath on August 8