ലോകം മുഴുവൻ ആദരിച്ച, ബംഗ്ലാദേശിൻറെ അഭിമാനമായ സാമ്പത്തിക ശാസ്ത്രജ്ഞനെ നിഷ്കരുണം ജയിലിൽ അടച്ച ഷേക്ക് ഹസീനയ്ക്ക് കാലം അതേനാണയത്തിൽ തിരിച്ചടി നൽകി. ഹസീന രാജ്യം വിട്ടു പലായനം ചെയ്തപ്പോൾ രാജ്യത്തിൻറെ ഭാവി, ജനം, അതേ സാമ്പത്തിക സാമ്പത്തിക ശാസ്ത്രജനെ തന്നെ ഏൽപ്പിച്ചു. ആ ശാസ്ത്രജ്ഞനാണ് ബംഗ്ലദേശിൻറെ ഇടക്കാല സർക്കാരിൻറെ തലവനായി ചുമതലയേറ്റ മുഹമ്മദ് യുനൂസ്.
പാവങ്ങളുടെ ബാങ്കർ എന്നാണ് ബംഗ്ലദേശുകാർ മുഹമ്മദ് യുനൂസിനെ സ്നേഹത്തോടെ വിളിക്കുന്നത്. ബംഗ്ലദേശിന് ആദ്യമായി നോബൽ സമ്മാനം നേടിക്കൊടുത്തതുകൊണ്ട് മാത്രമല്ല ആ സ്നേഹം. അറിവും ബുദ്ധിയും പുസ്തകങ്ങളിലും ഗവേഷണപ്രബദ്ധങ്ങളിലും മാത്രമൊതുക്കുന്ന ഒരു ബുദ്ധീജീവിയായിരുന്നില്ല മുഹമ്മദ് യുനൂസ്. ലോകത്തെ മികച്ച സർവകലാശാലകളിൽ സ്കോളർഷിപ്പുകളോടെ പഠിച്ച അദ്ദേഹം, മൈക്രോ ഫിനാൻസിലെ തൻറെ ആശയങ്ങൾ ബംഗ്ലദേശിലെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാമ്പത്തിക പരീക്ഷണങ്ങളാക്കി മാറ്റി. വിഭജനത്തിന് ശേഷം പട്ടിണിയിൽ കഴിഞ്ഞ രാജ്യത്തെ ലക്ഷക്കണക്കിന് പാവങ്ങൾക്കായി അദ്ദേഹം ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചു.
സ്വന്തമായി ഒരു ബാങ്ക് ലോൺ പോലും കിട്ടാനിടയില്ലാത്ത, സ്വന്തമായി ഒന്നുമില്ലാത്ത പാവങ്ങൾക്കായി അദ്ദേഹം യാതൊരു ഈടുമില്ലാതെ, ചെറുകിട സംരംഭങ്ങൾക്കായി വായ്പകൾ നൽകി. 10 മില്യണിലേറെ സാധാരണക്കാരാണ് ഈ വായ്പയിൽ ജീവിതം കരുപ്പിടിപ്പിച്ചത്. പട്ടിണിയിൽ നിന്ന് കരകയറി സ്വന്തം കാലിൽ നിന്നവരിൽ 97 ശതമാനവും സ്ത്രീകളായിരുന്നു. ലോകമാകെ ചർച്ച ചെയ്യപ്പെട്ട ആ സംരംഭം പല യൂറോപ്യൻ രാജ്യങ്ങളും ഏറ്റെടുത്തു. മൈക്രോ ഫിനാൻസിലൂടെ ഒരു ജനതയെ തന്നെ കൈപിടിച്ചുയർത്തിയ മികവിനും സമർപ്പണത്തിനും യൂനിസിലൂടെ ആദ്യ നോബൈൽ പുരസ്കാരം ബംഗ്ലദേശ് സ്വന്തമാക്കി. 2006ൽ. സമ്പന്നമല്ലാത്ത, അവികസിതമായ ബംഗ്ലദേശിനെ സമാധാന നോബൽപുരസ്കാരത്തിലൂടെ അഭിമാനസമ്പന്നമാക്കി യുനൂസും ഗ്രാമീൺ ബാങ്കും. രാജ്യത്തിനകത്തും പുറത്തും അദ്ദേഹം പ്രശംസിക്കപ്പെടുമ്പോൾ ജയിലിലായിരുന്നു ഷേക്ക് ഹസീന.
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും കൂടുതൽ ദാരിദ്രനിർമാർജന പദ്ധതികൾ നടപ്പാക്കാനുമുള്ള ആഗ്രഹത്താൽ അന്ന് രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിച്ചിരുന്നു യുനൂസ്. അസ്ഥിരമായ ഭരണത്തിൽ സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയില്ലാതിരുന്ന ബംഗ്ലദേശിൽ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള ശ്രമം പിന്നീട് അദ്ദേഹം വേണ്ടെന്നുവച്ചു. റഷ്യക്കാരിയായ ആദ്യഭാര്യ വൈറയ്ക്ക് ബംഗ്ലദേശിലേക്കുള്ള അദ്ദേഹത്തിൻറെ മടക്കം ഉൾക്കൊള്ളാനായില്ല.ബംഗ്ലദേശ് കുട്ടികളെ വളർത്താനുള്ള ഇടമല്ലെന്ന് പറഞ്ഞ് അവർ ന്യൂജഴ്സിയിലേക്ക് ചേക്കേറി. രാജ്യത്തെ
യൂനുസിന്റെ വൻജനപ്രീതി ഷേക്ക് ഹസീന ഒരു വെല്ലുവിളിയായി കണ്ടു. അധികാരത്തിലിരുന്ന സമയത്ത് ഹസീനയുടെ സാമ്പത്തിക നയങ്ങളെയും ഏകാധിപത്യത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചു യുനൂസ്. ഇതോടെ രാജ്യത്തിന് അഭിമാനമായ സാമ്പത്തിക പരിഷ്കർത്താവിനെയും അദ്ദേഹത്തിൻറെ പ്രവർത്തനമേഖലയായിരുന്ന ഗ്രാമീൺ ബാങ്കിനെയും ഹസീന കേസിൽപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിൽ ജയിൽ അടയ്ക്കപ്പെടുമ്പോൾ 200 കേസുകളാണ് യുനൂസിനെതിരെ ചുമത്തപ്പെട്ടത്.
ലോകമാകെ ഹസീനയുടെ ഇടപെടലിൽ പ്രതിഷേധിച്ചു. ലോകത്തെ 160 പ്രമുഖ വ്യക്തിത്വങ്ങൾ ഒപ്പിട്ടു നൽകിയ പ്രതിഷേധക്കത്തിൽ മുൻ യുഎസ് പ്രസിഡൻറ് ബറാക് ഒബാമയും ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ഉൾപ്പെട്ടിരുന്നു. മാർച്ചിൽ ജയിൽ മോചിതനായെങ്കിലും കേസുകൾ തുടർന്നു. മാസങ്ങൾക്ക് ശേഷം ഷേക്ക് ഹസീനയുടെ സ്ഥാനമിളകി. രായ്ക്ക് രാമാനം ഹസീന രാജ്യം വിട്ടപ്പോൾ ജനം ആവശ്യപ്പെട്ടത് മുഹമ്മദ് യുനൂസിനെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത, സ്വന്താമായി ഒരു രാഷ്ട്രീയ പാർട്ടിയില്ലാത്ത ഒരാളാണ് ഇടക്കാല സർക്കാരിൻറെ ചുമതലയേൽക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായും അവിടങ്ങളിലെ ഉന്നതരുമായും നല്ല ബന്ധമുള്ള യൂനിസിനെ ചുമതലയേൽപ്പിക്കുന്നത് ഒരു സ്ട്രാറ്റജിക് തീരുമാനമായാണ് വിലയിരുത്തപ്പെടുന്നതും. നിലവിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടത്തുകയാണ് വെല്ലുവിളി. അതിന് ശേഷം മുഹമ്മദ് യൂനുസെന്ന 84കാരൻ രാജ്യത്തിൻറെ തലപ്പത്ത് തുടരുമോ എന്നറിയില്ല. പാവങ്ങൾക്ക് നേരെ ഒരിക്കൽ നീട്ടപ്പെട്ട ആ രക്ഷാ കരങ്ങളിൽ രാജ്യം നിലവിൽ സുരക്ഷിതമാണെന്ന ജനവിശ്വാസമാണ് ഇടക്കാല സർക്കാരിൻറെ അമരത്തേക്ക് യൂനുസിനെ എത്തിച്ചത്.