ബംഗ്ലദേശിലെ കലാപങ്ങള്‍ക്കുപിന്നില്‍ യു.എസ് ആണെന്ന് ഷെയ്ഖ് ഹസീന. രാജ്യത്തിന്റെ ഭാഗമായ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് യു.എസിന് നല്‍കാന്‍ തയാറായാല്‍ ഭരണത്തില്‍ തുടരാമായിരുന്നു. കൂടുതല്‍പേര്‍ മരിക്കാതിരിക്കാനാണ് സ്ഥാനമൊഴിഞ്ഞതെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി
സ്ഥാനമൊഴിയുന്നതിന് മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയ പ്രസംഗത്തിലാണ് യു.എസിനെതിരെ ഷെയ്ഖ് ഹസീന ഗുരുത ആരോപണം ഉന്നയിച്ചത്. ബംഗാള്‍ ഉള്‍ക്കടലിന് സമീപം സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് സൈനിക താവളമാക്കാന്‍ യു.എസ്. ആഗ്രഹിച്ചിരുന്നു. അത് നല്‍കാതിരുന്നതിനാലാണ് അട്ടിമറി ആസൂത്രണം ചെയ്തത്. കൂടുതല്‍ പേര്‍ കൊല്ലപ്പെടാതിരിക്കാനാണ് സ്ഥാനമൊഴിഞ്ഞതെന്നും ഷെയ്ഖ് ഹസീന പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഷെയ്ഖ് ഹസീന ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നില്ല അമേരിക്കയ്ക്ക്. ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് യു.എസ്. ആരോപിച്ചിരുന്നു. കലാപം തുടങ്ങിയപ്പോള്‍ സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുതെന്ന് യു.എസ്. നിലപാടെടുത്തു. അതേസമയം ബംഗ്ലദേശും മ്യാന്‍മറും ചേര്‍ത്ത് ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഏതാനും മാസം മുന്‍പ് ഷെയ്ഖ് ഹസീനയും ആരോപിച്ചിരുന്നു.