ലണ്ടനിലെ തെരുവില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒത്തുകൂടി ഇന്ത്യക്കാരും പാക്കിസ്ഥാനികളും. പരസ്പരം സംഗീതം പകര്‍ന്ന് സ്നേഹം പങ്കുവയ്ക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ഓസ്കാര്‍ ചിത്രം സ്ലംഡോഗ് മില്യണയറിലെ റഹ്മാന്‍റെ ‘ജയ് ഹോ’ ഏറ്റുപാടുമ്പോള്‍ പശ്ചാത്തലത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും യുകെയുടേയും പതാകകള്‍ പാറിക്കളിക്കുന്നതും കാണാം.
വിഷ് മ്യൂസിക് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒന്നിധികം ക്ലിപ്പുകളും പങ്കുവച്ചിട്ടുണ്ട്. 60ലക്ഷത്തോളം പേരാണ് ഈ വീഡിയോകള്‍ കണ്ടിട്ടുള്ളത്. വെള്ള വസ്ത്രം ധരിച്ച്, പതാകകളേന്തി, ഒരേ സ്വരത്തില്‍ പാടുന്ന കാഴ്ച സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുകയാണ്.
പാകിസ്ഥാന്‍ ഓഗസ്റ്റ് 14നും ഇന്ത്യ 15നുമാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ബ്രിട്ടണിലെ കലാപത്തിനും കുടിയൊഴിപ്പിക്കല്‍ ഭീതിക്കുമിടെയാണ് ഒരുമയുടെ സന്ദേശമായി ‘ജയ് ഹോയും വന്ദേമാതരവും ലണ്ടന്‍ തെരുവുകളില്‍ ഉയര്‍ന്നുകേട്ടത്. വിഡിയോക്ക് പിന്തുണയുമായി ധാരാളം പേരാണ് എത്തുന്നത്. ഹൃദയംതൊടുന്ന ശബ്ദവും ദൃശ്യങ്ങളുമെന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.