ആമസോണ്‍ 'അലക്സ'യ്ക്ക് പിന്നില്‍ കമ്യൂണിസ്റ്റുകാരെന്ന് ട്രംപ് അനുകൂലികള്‍. 'കമ്മി' അജണ്ടയാണ് അലക്സയിലൂടെ നടപ്പിലാക്കുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പിലൂടെ ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നു. ട്രംപിന് എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് ചോദിക്കുമ്പോള്‍ അങ്ങനെ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ, സ്ഥാനാര്‍ഥിയെ കുറിച്ചോ ഉള്ള വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് അലക്സ മറുപടി പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് കമല ഹാരിസിന് വോട്ട് ചെയ്യണമെന്ന ചോദ്യത്തിന് വിശദമായ ഉത്തരം തന്നെ അലക്സ നല്‍കുന്നുണ്ട്. 

'കമലയ്ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് അവര്‍ മികച്ച സ്ഥാനാര്‍ഥിയാണെന്നതാണ്. മാത്രവുമല്ല, ആദ്യ വനിത വൈസ് പ്രസിഡന്‍റായതിലൂടെ ലിംഗവ്യത്യാസത്തിന്‍റെ വലിയ വെല്ലുവിളി അവര്‍ തകര്‍ത്തുവെന്നും സമൂഹത്തോടും പിന്നാക്ക വിഭാഗങ്ങളോടും തികഞ്ഞ പ്രതിബദ്ധതയോടെയാണ് കമലയുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അലക്സ വിശദീകരിക്കുന്നു. 

അതേസമയം, ഇത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സോഫ്റ്റ്വെയറില്‍ കടന്നുകൂടിയ തകരാറാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ഇത് ഉടന്‍ തന്നെ പരിഹരിച്ചുവെന്നുമായിരുന്നു ആമസോണിന്‍റെ വിശദീകരണം. ആമസോണിന്‍റെ സ്മാര്‍ട്ട് സ്പീക്കറുകള്‍ ഉള്‍പ്പടെ എല്ലാത്തരം അലക്സ ഉപകരണങ്ങളിലും ഈ തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

നിരവധിപ്പേരാണ് അലക്സയുടെ ഈ പക്ഷപാതത്തെ കുറിച്ച് വിഡിയോ റെക്കോര്‍ഡ് ചെയ്ത് സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചത്. ഇത് വെറും സാങ്കേതിക തകരാറെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നും ജനങ്ങളെ സ്വാധീനിക്കുന്നതിനായും യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കുന്നതിനായുമുള്ള നീക്കമാണെന്നും ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നു. 

ENGLISH SUMMARY:

Amazon alexa devices suggested supporting Kamala Harris over Trump because of a software bug. Amazon confirmed and fixed the issue, but it went viral.