കോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് വിവാഹിതനാകുന്നു. ലോറന്‍ സാഞ്ചസാണ് വധു. കൊളറാഡോയില്‍ നടക്കുന്ന ആഡംബര വിവാഹത്തിനായി 600 ദശലക്ഷം ഡോളറാണ് പൊടിപൊടിക്കുന്നത്. വിന്‍റര്‍ തീമില്‍ സജ്ജീകരിച്ച അത്യാഡംബര റിസോര്‍ട്ടായ മാത്സുഹിസ ഇരുവരും വിവാഹ വിരുന്നിനായി തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 2023 മേയില്‍ ഇരുവരുടെയും വിവാഹാനിശ്ചയം കഴിഞ്ഞിരുന്നു.
180ഓളം വിവിഐപികള്‍ക്കായാണ് ഈമാസം 26,27 തീയതികളില്‍ അസ്പെനിലെ അത്യാഡംബര റസ്റ്റൊറന്‍റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ബില്‍ ഗേറ്റസ്, ലിയനാര്‍ഡോ ഡികാപിയോ, ജോര്‍ദന്‍ റാണി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹവും താരനിബിഡമാകുമെന്നാണ് കണക്കുകൂട്ടല്‍. ഡിസംബര്‍ 28ന് ഡന്‍ബാര്‍ റാഞ്ച് എസ്റ്റേറ്റിലാകും വിവാഹം നടക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെങ്കിലും ജെഫോ, ലോറനോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്കായി അസ്പെനിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും. ക്രിസ്മസിന് പിന്നാലെ അതിഥികള്‍ എത്തിത്തുടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കൂടാതെ സ്വകാര്യ ബംഗ്ലാവുകളും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിവാഹത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇരുവരും അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഒരു വിവരങ്ങളും പുറത്തുവിടരുതെന്ന കരാര്‍ വിവാഹവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബുക്ക് ചെയ്ത ഹോട്ടലുകള്‍ക്കും ഇടപെട്ട വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്.
2019ലാണ് ഇരുവരും പ്രണയത്തിലായത്. ഏതൊരു വധുവിനെപ്പോലെ തന്നെ താനും ആകാംക്ഷയിലാണെന്നും ഈ 54–ാം വയസില്‍ പ്രണയിച്ച് വിവാഹം കഴിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും ലോറന്‍ പറയുന്നു. എമ്മി പുരസ്കാര ജേതാവായ മാധ്യമപ്രവര്‍ത്തക കൂടിയാണ് ലോറന്‍. മാധ്യമപ്രവര്‍ത്തനത്തിന് പുറമെ പൈലറ്റായും, സാമൂഹിക പ്രവര്‍ത്തകയായും അഭിനേത്രിയായും ലോറന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മക്കെന്‍സീ സ്കോട്ടുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചതിന് പിന്നാലെയാണ് ജെഫ് , ലോറനുമായി പ്രണയത്തിലായത്. ലോറനും ആ സമയത്ത് ഭര്‍ത്താവായിരുന്ന പാട്രിക് വൈറ്റ്ഷെലുമായി പിരിഞ്ഞ് കഴിയുകയായിരുന്നു.