മുന്‍ പ്രണയിനിയെ മുഖ്യ ഉപദേശകയാക്കി നിയമിച്ചതിനു തൊട്ടുപിന്നാലെ ഇറ്റാലിയന്‍ മന്ത്രിയുടെ കസേര തെറിച്ചു. ഇറ്റലിയിലെ സാംസ്കാരിക മന്ത്രി ജനാരോ സാങ്ക്വിലിയാനോയാണ് നിയമനത്തിനു പിന്നാലെ വന്ന വിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്നത്. 62കാരനായ മന്ത്രി തന്റെ മുന്‍ കാമുകി മരിയ റൊസാരിയ ബോക്കിയയെ ആണ് പേഴ്സണല്‍ ഉപദേശകയാക്കി നിയമിച്ചത്. മാധ്യമങ്ങളിലൂടെ വന്ന ആരോപണങ്ങളും വാര്‍ത്തകളും അടിസ്ഥാന രഹിതമെന്ന് ആദ്യം പ്രതികരിച്ച മന്ത്രി വിവാദങ്ങളുടെ കുത്തൊഴുക്കില്‍ സത്യം വെളിപ്പെടുത്തി. ഒരു ടിവി അ അഭിമുഖത്തിലാണ് മരിയ തന്റെ മുന്‍ കാമുകിയാണെന്ന് ജനാരോ തുറന്നുപറഞ്ഞത്. ഇന്നലെയാണ് പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് ജനാരോ രാജിക്കത്ത് കൈമാറിയത്.
അതേസമയം മന്ത്രിപദവി താന്‍ ദുരുപയോഗം ചെയ്തില്ലെന്ന് ജനാരോ പറഞ്ഞു. കൂടാതെ തന്റ ഭാര്യയോട് ചെയ്ത തെറ്റിനു മാപ്പ് ചോദിക്കുന്നുവെന്നും കഴിഞ്ഞ വേനല്‍ക്കാലത്ത് മുന്‍കാമുകിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നെന്നും ജനാരോ വ്യക്തമാക്കുന്നു. തങ്ങള്‍ തമ്മിലുണ്ടായിരുന്നത് സൗഹൃദമായിരുന്നുവെന്നും പതിയെ വൈകാരിക അടുപ്പം വന്നുപോയതാണെന്നും ജനാരോ ഏറ്റുപറഞ്ഞു. ജനാരോയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ മരിയ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതോടൊപ്പം ജനാരോയുടെ ഔദ്യോഗിക യാത്രകളിലെല്ലാം മരിയ ഒപ്പമുണ്ടായിരുന്നെന്ന് വ്യക്തമാകുന്ന ഫോട്ടോകളും ഇവര്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചിട്ടുണ്ട്.
സ്റ്റേറ്റ് ഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചായിരുന്നോ മരിയയുടെ യാത്രയെന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയര്‍ന്നുവരുന്നുണ്ട്. ഒരു യൂറോ പോലും മരിയയുടെ യാത്രക്കായി ഖജനാവില്‍ നിന്നെടുത്തിട്ടില്ലെന്നും താനാണ് അവരുടെ ചിലവ് വഹിച്ചതെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ജനാരോ പറയുന്നു. മന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക കാര്യങ്ങളിലും ഇടപെടാനുളള സ്വാതന്ത്ര്യവും ജനാരോ മരിയക്കു നല്‍കിയിരുന്നു. ഇതെല്ലാം വലിയ വിവാദമായി മാറിയ സാഹചര്യത്തില്‍ കൂടിയാണ് ജനാരോയുടെ രാജി. മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു അങ്ങേയറ്റം ഗുണകരമായിരുന്നുവെന്ന് രാജി സ്വീകരിച്ച ശേഷം പ്രധാനമന്ത്രി മെലോനി പറഞ്ഞു.