earthquake-in-pakistan

TOPICS COVERED

പാകിസ്ഥാനിൽ  പരക്കെ ഭൂചലനം. ഭൂകമ്പ മാപിനിയില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം ഡൽഹിയിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിയില്‍ നിന്ന് 33 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നത്.

പാകിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലാഹോറിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയില്‍ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായ ഭൂചലനത്തില്‍ അഫ്ഗാനിസ്ഥാനും വിറച്ചു. ഏതാനും നിമിഷങ്ങൾ നീണ്ടുനിന്ന ഭൂചലനത്തിൽ സീലിങ് ഫാനുകളും മറ്റ് വസ്തുക്കളും കുലുങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്. ഹിമാലയത്തിന്‍റെ സാമീപ്യം കാരണം സജീവ ഭൂകമ്പമേഖലയിലാണ് ഡൽഹി സ്ഥിതിചെയ്യുന്നത്. ആഗസ്റ്റ് 29ന് അഫ്ഗാനിസ്ഥാനിലുണ്ടായ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനവും ഡല്‍ഹിയില്‍ അനുഭവപെട്ടിരുന്നു.

ENGLISH SUMMARY:

Tremors were felt across Delhi and North India after an earthquake of magnitude 5.8 struck Pakistan.