TOPICS COVERED

താരങ്ങൾ കളമൊഴിഞ്ഞു. കരഘോഷങ്ങൾ നിലച്ചു. ഒളിമ്പിക്സ് ഗാലറികൾ ശൂന്യമായി. വിജനമായ മൈതാനത്ത് ഏകനായി നിൽക്കുന്നത് ഒരു താരം മാത്രം. ദിവസങ്ങളോളം നക്ഷത്ര പ്രഭയിൽ മുങ്ങി നിന്ന ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവൽ മക്രോ ഇപ്പോൾ നേരിടുന്നത് ഈഫൽ ടവറിനോളം വളർന്ന രാഷ്ട്രീയ  സമ്മര്‍ദമാണ്. ജനങ്ങൾ തെരുവിലിറങ്ങി മക്രോയ്ക്കെതിരെ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. 

പാരിസ് ഒളിമ്പിക്സ് ആഡംബരങ്ങളുടെ പേരില്‍ കായികലോകം മക്രോയെ വാഴ്ത്തി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തിന്  ഗോള്‍ഡ് ഒളിമ്പിക് ഓർഡർ നൽകി ആദരിച്ചു. കായികവേദികളിലും വിശിഷ്ടാതിഥികൾക്കു മുന്നിലും നിറചിരിയോടെ പ്രത്യക്ഷപ്പെട്ടെങ്കിലും ‌നേതാവിന്‍റെ ഉള്ളിലാകെ ആധിയാണെന്ന് മാധ്യമങ്ങളുടെ കണ്ടെത്തില്‍.

ഇപ്പോഴത്തെ  അവസ്ഥ  മാക്രോ സ്വയം വരുത്തി വച്ചതാണ്.  തീവ്ര വലതുപക്ഷ പാർട്ടിയായ ആർഎൻ-ന്‍റെ തേരോട്ടം നിയന്ത്രിക്കാൻ മാക്രോ ഒരു മുഴം നേരത്തെ എറിഞ്ഞു. സർക്കാരിന്‍ കാലാവധി കഴിയുന്നതിനുമുമ്പ് കഴിഞ്ഞ ജൂണിൽ കണ്ണുമടച്ച് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. മാക്രോയുടെ പാർട്ടിയായ എൻസംബിളിനെയും കടത്തിവെട്ടി കൂടുതൽ സീറ്റ് നേടിയതാകട്ടെ ഇടതുപക്ഷ പാർട്ടിയായ ന്യൂ പോപ്പുലർ ഫ്രണ്ട്. ഇപ്പോഴിതാ എല്ലാവരെയും ഒഴിവാക്കി യാഥാസ്ഥിതിക റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിഷേൽ ബർണിയെയ്ക്ക് പ്രധാനമന്ത്രി പദവി നൽകി മാക്രോ തലയൂരുന്നു. 

തിരഞ്ഞെടുപ്പു കഴിഞ്ഞയുടൻ അന്നത്തെ ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ തന്‍റെ രാജി പ്രസിഡന്‍റിനു നല്കിയിരുന്നു. അറ്റലിനോട് ഒളിംപിക്സ് കഴിയുന്നതുവരെ തുടരാൻ മാക്രോ അഭ്യർഥിച്ചു. കാവൽ സർക്കാരിന്‍റെ  പിന്തുണയോടെയാണെങ്കിലും മികച്ച രീതിയിൽ സംഘടിപ്പിച്ച പാരിസ് ഒളിംപിക്സ് അവസാനിച്ചതോടെയാണ് മിഷേൽ ബാർണിയേയ്ക്ക് പ്രധാനമന്ത്രി പദവി നൽകിയത്.

ഫ്രാന്‍സിന്‍റെ 577 അംഗ നിയമനിര്‍മാണ സഭയില്‍ ഭരണംലഭിക്കാന്‍  289 സീറ്റുകളാണ് വേണ്ടത്. 48 സീറ്റുകൾ മാത്രം നേടിയ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുള്ള മുൻ വിദേശ കാര്യമന്ത്രി കൂടിയായ ബാർണിയേയ്ക്ക് എന്തുകൊണ്ടാണ് മാക്രോൺ പ്രധാനമന്ത്രി പദവി നൽകിയത്? ഇടതു-വലതു പാർട്ടികൾ ഉയർത്തുന്ന ഈ ചോദ്യത്തിനുമുന്നിൽ പതറുകയാണ് മാക്രോ. നാഷനൽ അസംബ്ലിയിൽ ബാർണിയെയ്ക്കെതിരെ വിശ്വാസവോട്ടിന് ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും, ഭരണഘടന പ്രകാരം അദ്ദേഹത്തെ താഴെയിറക്കാൻ എംപിമാർക്ക് ഇപ്പോഴും അവസരമുണ്ട്. 58 എം.പിമാർ സംഘടിച്ചാൽ ബാർണിയെയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയും. പ്രമേയത്തിനു നോട്ടീസ് നൽികയാൽ പിന്നെ രണ്ടു ദിവസം മാത്രമാണ് ഭൂരിപക്ഷം തെളിയിക്കാൻ ബാർണിയെയ്ക്ക് ലഭിക്കുന്നത്. 289 വോട്ടുകളെന്ന മാന്ത്രിക സംഖ്യയിലെത്താൻ ബാർണിയെയ്ക്ക് കഴിഞ്ഞില്ലെങ്കിൽ മാക്രോ വീണ്ടും പ്രതിസന്ധിയിലാകും. രാഷ്ട്രീയ അസ്ഥിരത തുടർന്നാൽ ഫ്രാൻസ് എന്ന വൻശക്തി ദുർബലമാകുകയും ചെയ്യും.

ENGLISH SUMMARY:

The current political situation in France and the challenges facing Emmanuel Macron