ഫ്രാന്‍സിലെ പ്രശസ്ത തീര്‍ഥാടനകേന്ദ്രമായ നോത്രദാം കത്തീഡ്രല്‍ അഞ്ചരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. 2019 ല്‍ ഉണ്ടായ തീപിടിത്തത്തെത്തുടര്‍ന്നാണ് 860 വര്‍ഷം പഴക്കമുള്ള കത്തീഡ്രല്‍ അടച്ചിട്ടിരുന്നത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫ്രാന്‍സിന്‍റെ ദേശീയപൈതൃകം, പാരിസിന്‍റെ പ്രധാനകാഴ്ചാ കേന്ദ്രം. എട്ടരനൂറ്റാണ്ടിന്‍റെ പഴക്കത്തിലേക്ക് പടര്‍ന്ന തീനാളങ്ങളുടെ പാടുകള്‍ വകഞ്ഞുമാറ്റിയാണ് നോത്രദാം കത്തീഡ്രല്‍ പുതുക്കിപ്പണിതത്. 2019 ഏപ്രില്‍ 15ന് ഉണ്ടായ തീപിടിത്തത്തല്‍ കത്തീഡ്രലിന്‍റെ പ്രധാനആകര്‍ഷണമായ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിനശിച്ചിരുന്നു. ഒപ്പം കത്തീഡ്രലിനുള്ളിലും തീപിടിത്തമുണ്ടായി. ദിവസവും ആയിരത്തിലേറെ തൊഴിലാളികള്‍ അഞ്ച് വര്‍ഷത്തിലധികമായി അധ്വാനിച്ചാണ് കത്തീഡ്രലിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിച്ചത്. ഗോഥിക് വാസ്തുശില്‍പത്തനിമ നിലനിര്‍ത്തിയായിരുന്നു പുനരുദ്ധാരണം.
ഫ്രഞ്ച് പ്രസിന്റ് ഇമ്മാനുവല്‍ മക്രോയുടെ ആഹ്വാനപ്രകാരം പുനര്‍നിര്‍മാണത്തിനായി 7486കോടിരൂപ സംഭാവനയായി ലഭിച്ചിരുന്നു. കത്തീഡ്രലിന്‍റെ പുനരുദ്ധാരണം ഫ്രാന്‍സിലെ തിരഞ്ഞെടുപ്പ് കാലത്തെ ചര്‍ച്ചാവിഷയമായിരുന്നു. യുഎസ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് ആദ്യമായി പങ്കെടുത്ത രാജ്യാന്തര പരിപാടിയായിരുന്നു കത്തീഡ്രലിലെ ചടങ്ങ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി, ബ്രിട്ടനിലെ വില്യം രാജകുമാരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.