പേജര്‍.

പേജര്‍.

TOPICS COVERED

ഇസ്രയേലുമായി സംഘർഷം നിലനിൽക്കുന്നതിനിടെ വ്യത്യസ്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഹിസ്ബുല്ല നേരിട്ടത്. ഹിസ്ബുല്ല സംഘാംഗങ്ങൾ ഉപയോഗിക്കുന്ന പേജറുകളാണ് ഒരേസമയം വിവിധയിടങ്ങളിൽ പൊട്ടിത്തെറിച്ചത്. 11 പേർ കൊല്ലപ്പെടുകയും 4000പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലെബനനിലെ ഇറാൻ സ്ഥാനപതിക്കും ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമടക്കമുള്ളവർക്കും പരുക്കേറ്റു. എന്താണ് ഹിസ്ബുല്ല ഉപയോ​ഗിക്കുന്ന ഈ പേജർ, എങ്ങനെയാണ് പേജർ പൊട്ടിത്തെറിച്ചത്, ആക്രണത്തിന് പിന്നിലെ മൊസാദിന്‍റെ ബുദ്ധി എന്താണ്, നോക്കാം.

എന്താണ് പേജർ 

വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനമാണ് പേജറുകൾ. ടെക്സ്റ്റ് മെസേജുകൾ വഴിയാണ് പേജറിലൂടെയുള്ള ആശയവിനിമയം. . റേഡിയോ ഫ്രീക്വൻസി വഴി പ്രവർത്തിക്കുന്ന പേജറുകൾ, മൊബൈൽ ഫോണുകൾ വന്നതോടെ 90കളിൽ തന്നെ ആളുകൾ  ഒഴിവാക്കിയിരുന്നു. എന്നാൽ ഇസ്രയേൽ ലെക്കേഷൻ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് ഹിസ്ബുല്ല പേജർ ഉപയോഗം തുടരുന്നത്. 5,000 പേജറുകളാണ് ഈ വർഷം ആദ്യം ഹിസ്ബുല്ല രാജ്യത്തേക്ക് കൊണ്ടുവന്നത്. ലെബനനിലും ഇറാൻ, സിറിയ എന്നിവിടങ്ങളിലുമുള്ള ഹിസ്ബുല്ല സഖ്യകക്ഷികളുമായി ബന്ധപ്പെടാൻ ഈ രാജ്യങ്ങളിലുമാണ് പേജറുകൾ വിതരണം ചെയ്തത്. സ്വിച്ച് ഓൺ ചെയ്ത പേജറുകളാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. 

ഇസ്രയേലിനെ പഴിക്കുന്നതിന് കാരണം

ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രയേലിനെയാണ് ഹിസ്ബുല്ല പഴിചാരുന്നത്. വിദേശ മണ്ണിൽ ആക്രണം നടത്തുന്നതിൽ പേരുകേട്ട ഇസ്രയേൽ ചാരസംഘടന മൊസാദിന്‍റെ ശേഷിയാണ് ഇസ്രയേലിനെതിരെ വിരൽ ചൂണ്ടാന്‍ കാരണം. ഗസയിൽ ഇസ്രയേൽ അക്രമം തുടങ്ങിയത് മുതൽ ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല ഇസ്രയേലിനെ തെക്കെ അതിർത്തിയിൽ ആക്രമണം നടത്തുന്നുണ്ട്. ഇരുവരും തമ്മിൽ വ്യോമാക്രമണങ്ങൾ സജീവമാണ്. 

തെക്കൻ ലെബനനുമായി അതിർത്തി പങ്കിടുന്ന വടക്കൻ ഇസ്രയേലിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സുരക്ഷിതമായ തിരിച്ചുവരവ് യുദ്ധലക്ഷ്യങ്ങളിലൊന്നാണെന്ന് ചൊവ്വാഴ്ച രാവിലെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ലെബനനിൽ സ്ഫോടന പരമ്പര നടക്കുന്നത്. 

മൂന്ന് ​ഗ്രാം വീതം സ്ഫോടക വസ്തുക്കൾ

ഇന്നലെ പൊട്ടിത്തെറിച്ച പേജറുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ചത് തായ്‍വാനിൽ നിന്നാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പേജറിന് ഓർഡർ നൽകിയ തായ്‍വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്ന് ഉത്പ്പന്നം ലെബനനിലെത്തുന്നതിന് മുൻപ് ഇസ്രയേലി ഏജൻറുമാർ അട്ടിമറിച്ചിരുന്നു. എആർ 924 മോഡലും മറ്റു മൂന്ന് മോഡലുകളും ഉൾപ്പെടെ 5,000 പേജറുകൾക്കാണ് ഹിസ്ബുല്ല ഓർഡർ നൽകിയത്. 

മൊസാദ് നിർമാണത്തിൽ ഇടപെടുകയും പേജറുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുകയും ചെയ്തു. ഓരോ പേജറുകളിലും നിറച്ചത് മൂന്ന് ഗ്രാം സ്ഫോടക വസ്തുക്കാണ്. ഓരോ പേജറിന്‍റെയും  ബാറ്ററിക്ക് സമീപമാണിവ ഘടിപ്പിച്ചത്. ഒപ്പം സ്ഫോടനത്തിന് സഹായിക്കുന്ന റിമോർട്ട് ഉപയോ​ഗിച്ച് പ്രവർത്തിപ്പിക്കാവുന്നൊരു സ്വിച്ചും നൽകി. സ്ഫോടനത്തിന് തൊട്ട് മുൻപ് പേജറുകളിൽ ബീപ്പ് ശബ്ദം ഉണ്ടായിരുന്നതായും ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർ‌ട്ട് ചെയ്തു. സ്ഫോടകവസ്തുക്കൾ സജീവമാക്കാൻ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് പേജറുകൾ പൊട്ടിത്തെറിച്ചത്.

വിദേശ മണ്ണിൽ റിമോട്ട് ആക്രമണങ്ങൾ നടത്തുന്നതിൽ മിടുക്കരാണ് മൊസാദ്. ഇത്തരം രഹസ്യ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ ഒരിക്കലും ഏറ്റെടുക്കാറില്ല. മാസങ്ങളായി ആസൂത്രണം ചെയ്ത ശേഷമാണ് മൊസാദ് ആക്രമണം നടത്തിയത്. എന്നാൽ മാസങ്ങളോളം പേജറുകൾ ഉപയോ​ഗിച്ചിട്ടും ഇത് തിരച്ചറിയാന്‍ ഹിസ്ബുല്ലയ്ക്കായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.അതേസമയം പേജറുകൾ നിർമിച്ചതിന്‍റെ  ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നാണ് ​ഗോൾഡ് അപ്പോളോ സ്ഥാപകൻ ഹുസു ചിങ്-കുവാങിന്‍റെ വാദം. കമ്പനിയുടെ ബ്രാൻഡ് നെയിം ഉപയോ​ഗിക്കുന്ന ഹം​ഗേറിയൻ സ്ഥാപനമായ ബിഎസിയാണ് പേജർ നിർമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.