പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കേരളത്തില്‍ വന്‍ ബഹുജന പ്രക്ഷോഭം നടന്നുവെന്നാണ് ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. പക്ഷേ ചിത്രമാണ് വിചിത്രം.2017 ഓഗസ്റ്റ് 17ന് സണ്ണി ലിയോണി കേരളത്തിലെത്തിയ ചിത്രമാണ് ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റേതെന്ന പേരില്‍ പ്രചരിക്കുന്നത്.
20 ലക്ഷത്തോളം ആളുകള്‍ പിന്തുടരുന്ന പലസ്തീന്‍ ഇന്‍റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റെന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെ മലയാളികളാണ് ഇത് വ്യാജവാര്‍ത്തയാണെന്ന് കമന്‍റ് ചെയ്തിരിക്കുന്നത്. മറ്റുചില രസകരമായ കമന്റുകളും ചിത്രത്തിന് ചുവടെ കാണാം. പ്രക്ഷോഭം നയിച്ചതിന് സണ്ണിലിയോണിക്ക് നന്ദിയെന്നാണ് ഒരു വിരുതന്‍റെ കമന്‍റ്. അതേസമയം, കൊച്ചിയിലെ എം.ജി റോഡില്‍ നിന്നുള്ള ചിത്രമാണെന്നും ആരോ പേജുടമകളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മറ്റു ചിലരും പ്രതികരിച്ചിട്ടുണ്ട്.
സ്വകാര്യ മൊബൈല്‍ ഫോണ്‍ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി സണ്ണി ലിയോണി എത്തിയപ്പോള്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടമാണ് ചിത്രത്തിലേത്. രാവിലെ 11 മണിക്കായിരുന്നു സംഘാടകര്‍ ഉദ്ഘാടനം നിശ്ചയിച്ചത്. എന്നാല്‍ ഒന്‍പതര മുതല്‍ താരത്തെ കാണാന്‍ ആരാധകര്‍ എംജി റോഡില്‍ തടിച്ചുകൂടിയതോടെ ഉദ്ഘാടനം ഒന്നര മണിക്കൂര്‍ വൈകി. കൊച്ചിയുടെ സ്നേഹക്കടലിനുള്ളിലായിപ്പോയി താന്‍ എന്ന കാപ്ഷനോടെ താരവും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.