വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റുകളില്‍ നിബന്ധനകള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി കാനഡ. രാജ്യത്തെ താല്‍കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തും. ഇതോടെ ഇന്ത്യയില്‍ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവര്‍ ആശങ്കയിലാണ്.
ഈ വര്‍ഷം വിദേശ വിദ്യാര്‍ഥി പെര്‍മിറ്റ് 35 ശതമാനം കുറവാണ് നല്‍കുന്നത്. അടുത്ത വര്‍ഷം പത്തു ശതമാനം വീണ്ടും കുറയ്ക്കും എന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം വളരെയധികം സഹായകമാണ്. പക്ഷേ അവസരം മോശമായി മുതലെടുക്കുന്നവരുടെ എണ്ണവും കുറവല്ല. അത് വലിയ തിരിച്ചടിയാണ്. അതുകൊണ്ടാണ് നടപടിയെന്ന വിശദീകരണവും പ്രധാനമന്ത്രി നല്‍കി.
2023ല്‍ 5,09,390 പേര്‍ക്കാണ് ഇന്‍റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റ് കാനഡ നല്‍കിയത്. 2024ല്‍, ഈ ഏഴുമാസത്തിനിടെ 1,75,920 ഇന്‍റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റ് നല്‍കി. 2025ല്‍ ഇത് 4,37,000 ആക്കുകയാണ് ലക്ഷ്യം. മാറ്റങ്ങള്‍ തൊഴില്‍ മേഖലയിലും ജീവിത പങ്കാളിയെ കൂടി വിദേശത്ത് കൊണ്ടുവരാനുള്ള നിയമത്തിലും പ്രതിഫലിക്കും.
13,35,878 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് വിദേശപഠനത്തിനായി വിമാനം കയറിയത്. ഇതില്‍ കാനഡയില്‍ മാത്രം 4,27,000 പേരാണുള്ളത്. 2013 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏതാണ്ട് 260 ശതമാനം വര്‍ധനവാണ് ഉന്നത പഠനത്തിനായി കാനഡ തിരഞ്ഞെടുത്ത ഇന്ത്യക്കാരിലുണ്ടായത്. കാനഡയിലെ നാല്‍പത് ശതമാനം വിദേശ വിദ്യാര്‍ഥികളും ഇന്ത്യക്കാരാണെന്ന പഠന റിപ്പോര്‍ട്ട് നേരത്തെ റോയിട്ടേഴ്സ് പുറത്തുവിട്ടിരുന്നു.
കാനഡ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതോടെ യു.എസ്, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്താനുള്ള സാധ്യതയും കൂടുകയാണ്. കാനഡയിലെ താല്‍കാലിക താമസക്കാരുടെ എണ്ണം ഏപ്രിലില്‍ 6.8 ശതമാനമായിരുന്നു. ഇത് അഞ്ചു ശതമാനമാക്കി കുറയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനു മുന്നിലുള്ളത്.