TOPICS COVERED

ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ വയനാട് സ്വദേശി റിന്‍സന്‍ ജോസിന് ബന്ധമില്ലെന്ന് ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി. പേജറുകള്‍ വിതരണം ചെയ്ത ഹംഗറിയിലെ ബി.എ.സി. എന്ന സ്ഥാപനവുമായി റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നും ഏജന്‍സി വ്യക്തമാക്കി. നോര്‍വെ പൗരത്വമുള്ള റിന്‍സന്റെ സ്ഥാപനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബള്‍ഗേറിയയിലാണ്.

ലബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ ഹംഗറി ആസ്ഥാനമായ ബി.എ.സി. എന്ന സ്ഥാപനമാണ് വിതരണംചെയ്തത്. ഈ കമ്പനിക്ക് റിന്‍സന്‍ ജോസിന്‍റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് 1.6 മില്ല്യന്‍ യൂറോ നല്‍കിയെന്ന കണ്ടെത്തലാണ് ദുരൂഹത സൃഷ്ടിച്ചത്. വിശദമായ അന്വേഷണം നടത്തിയെന്നും നോര്‍ട്ടയുടെയോ ഉടമസ്ഥനായ റിന്‍സന്റെയോ സാമ്പത്തിക ഇടപാടുകളില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും സുതാര്യമാണെന്നും ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സിയായ ഡി.എ.എന്‍.എസ് വ്യക്തമാക്കി. ലബനനില്‍ സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ ബള്‍ഗേറിയയില്‍ നിര്‍മിച്ചതോ ബള്‍ഗേറിയയില്‍ നിന്ന് കയറ്റുമതി ചെയതതോ അല്ലെന്നും ഏജന്‍സി അറിയിച്ചു. 

ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ 2022 ല്‍ റജിസ്റ്റര്‍ ചെയ്തതാണ് റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍. ബി.എ.സിയുമായി ഇടപാടു നടന്നുവെന്ന ആരോപണത്തിന് പിന്നാലെ റിന്‍സന്‍ യു.എസിലേക്ക് പോയതും അന്വേഷണങ്ങളോട് പ്രതികരിക്കാത്തതും സംശയത്തിന് ഇട നല്‍കിയിരുന്നു. കുടുംബത്തിനും റിന്‍സനെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.  വയനാട് മാനന്തവാടിയില്‍ ജനിച്ച റിന്‍സന്‍ ഏറെക്കാലമായി നോര്‍വേയിലാണ് താമസം. 

ENGLISH SUMMARY:

A Bulgarian investigation agency has confirmed that Rinson Jose, a native of Wayanad, has no connection to the Lebanon pager explosion. The agency clarified that there were no irregularities in the financial dealings between Rinson's company, North Global Limited, and the Hungarian firm B.A.C., which distributed the pagers. Rinson, who holds Norwegian citizenship, has his company registered in Bulgaria.