TOPICS COVERED

അമിതമായ ശബ്ദങ്ങളോട് അസഹിഷ്ണുതയുള്ളവരാണ് നമ്മില്‍ പലരും. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ തലവേദനയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വരാറുണ്ട്.

ഓരേ കെട്ടിടത്തില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കേണ്ടി വരുമ്പോഴാണ് ഈ ബുദ്ധിമുട്ട് ഇരട്ടിയാവുക. അടുത്ത താമസക്കാരുടെ വീട്ടില്‍ നിന്നു വരുന്ന അമിത ഉച്ചത്തിലുള്ള പാട്ടോ ടിവിയുടെ ശബ്ദമോ എല്ലാം പലപ്പോഴും ശല്യമായി മാറാറുണ്ട് പലര്‍ക്കും.ചിലപ്പോഴെങ്കിലും അയല്‍ക്കാരെ മടുപ്പിക്കേണ്ടെന്ന് കരുതി പരാതി പറയാതെ എല്ലാം സഹിക്കാറാണ് ഭൂരിഭാഗം പേരും. ‌

എന്നാല്‍ ചൈനയിലെ ഒരു സ്ത്രീ തന്‍റെ മുകള്‍ നിലയില്‍ താമസിക്കുന്ന കുടുംബത്തിനെതിരെ വ്യത്യസ്തമായ ഒരു പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ്. ശബ്ദത്തോട് വളരെയേറെ അസഹിഷ്ണുതയുളള ഇവര്‍ മുകള്‍ നിലയിലെ താമസക്കാര്‍ രാത്രി ബാത്റൂം ഉപയോഗിക്കുന്നത് ശല്യമാകുന്നുവെന്ന പരാതിയുമായാണ് രംഗത്ത് വന്നത്.

ഷെജിയാങ് പ്രവിശ്യയിലെ ഒരു റസിഡന്‍ഷ്യല്‍ ബ്ലോക്കിലെ ഒന്നാം നിലയില്‍ താമസിക്കുന്ന വാങ്ങ് എന്ന സ്ത്രീയാണ് മുകള്‍ നിലയിലുള്ളവര്‍ക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. ബാത് റൂം ഉപയോഗിക്കുന്ന ശബ്ദം മാത്രമല്ല വാങ്ങിന്‍രെ പ്രശ്നം. മുകള്‍ നിലയിലുള്ളവര്‍ വീടിനുള്ളിലൂടെ നടക്കുന്നതും ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതുമെല്ലാം വാങ്ങിന് അരോചകമായിരുന്നു. വാങ്ങ് നിരന്തരം പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന് ശബ്ദം കുറയ്ക്കാനായി മുകള്‍ നിലയിലെ താമസക്കാര്‍ വീട്ടിലുടനീളം കാര്‍പെറ്റ് വിരിക്കുകയും സോഫ്റ്റായ ചെരുപ്പ് വാങ്ങി ധരിക്കുകയും വരെ ചെയ്തു.

എന്നാല്‍ വാങ്ങിന്‍റെ പരാതിക്ക് അറുതി വന്നില്ലെന്ന് മാത്രമല്ല. പരാതി കൂടിക്കൂടി വന്നു.പല്ലു തേക്കുന്നതും കുളിക്കുന്നതും എന്തിനേറെ കുപ്പികളുടെ അടപ്പ് താഴെ വീഴുന്നത് പോലും വാങ്ങിന്‍റെ പരാതിക്ക് കാരണമായി.ഒടുവില്‍ 10 മണിക്ക് ശേഷം ടോയ്ലറ്റ് ഉപയോഗിക്കരുത് എന്നു വരെയായി വാങ്ങിന്‍റെ ആവശ്യം.മുകള്‍ നിലയില്‍ നിന്ന് എന്തെങ്കിലും ശബ്ദം കേട്ടാല്‍ ഉടന്‍ വാങ് ഒരു വടികൊണ്ട് സീലിങ്ങില്‍ തട്ടി മുന്നറിയിപ്പ് നല്‍കും. 

വാങ്ങിന്‍റെ പരാതി രൂക്ഷമായതിനെത്തുടര്‍ന്ന് പതിവുജോലി പോലും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വീട്ടുടമ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍  അതുകൊണ്ടും രക്ഷയുണ്ടായില്ല. പൊലീസ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വാങ്ങിന്‍റെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല.മറ്റു ഗത്യന്തരമില്ലാതെ അവര്‍ വീടുമാറി താമസിച്ചു. സ്വന്തം വീട് വാടകയ്ക്ക് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ടു തവണ വാടകയ്ക്ക് നല്‍കിയെങ്കിലും വാങ്ങിന്‍രെ ശല്യം കാരണം വാടകക്കാര്‍ ഒഴിഞ്ഞു പോയി.  

ഒടുക്കം വഴി മുട്ടിയ വീട്ടുടമ കോടതിയെ സമീപിക്കുകയായിരുന്നു. വീടു മാറി താമസിക്കേണ്ടി വന്നതിന്റെ ചെലവായും അനുഭവിച്ച മാനസിക സമ്മർദ്ദത്തിനുള്ള നഷ്ടപരിഹാരമായും വാങ്ങിൽ നിന്നും 33,000 യുവാനാണ് (3.89 ലക്ഷം രൂപ ) വീട്ടുടമ ആവശ്യപ്പെട്ടത്. എന്നാൽ അദ്ദേഹം സ്വന്തം താല്പര്യ പ്രകാരം മാറിയതായതിനാല്‍താൻ പണം കൊടുക്കില്ല എന്നതായിരുന്നു വാങ്ങിന്റെ വാദം. കേസ് വിശദമായി പരിശോധിച്ച കോടതി വീട്ടുടമയുടെ ഭാഗത്ത് തെറ്റില്ല എന്നും വാങ്ങിന്‍റെ പ്രവര്‍ത്തികള്‍കടന്നുപോയി എന്നും ചൂണ്ടിക്കാട്ടി. വാങ്ങ് 19,600 യുവാൻ (2.31 ലക്ഷം രൂപ ) വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കോടതിവിധി. ഇതിനെതിരെ വാങ്ങ് അപ്പീൽ നൽകിയെങ്കിലും അവിടെയും പരാജയപ്പെടുകയായിരുന്നു.വിചിത്രമായ ഈ കേസ് ചൈനീസ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സംഭവം ലോകമറിഞ്ഞത്.

ENGLISH SUMMARY:

woman asks neighbour not to use toilet at night as the sound disturbs her