TOPICS COVERED

സോഷ്യല്‍മീഡിയയില്‍ വലിയ കാര്യത്തോടെ പങ്കുവക്കുന്ന പല പോസ്റ്റിനും പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുക. ഇവിടെ ഒരു ചൈനീസ് യുവതിക്കു സംഭവിച്ചതും അതാണ്.  മേശയില്‍ നിരത്തിവച്ച ഭക്ഷണത്തിലേക്ക് കുട്ടി മൂത്രമൊഴിച്ച കഥ പറഞ്ഞെത്തിയ ചൈനീസ് അമ്മയ്ക്കാണ് സോഷ്യല്‍മീഡിയയുടെ വക വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. കുട്ടി മൂത്രമൊഴിച്ചിട്ട അതേ ഭക്ഷണം തന്നെയാണ് കുടുംബം കഴിച്ചതെന്നു അഭിമാനത്തോടെ പറഞ്ഞാണ് അമ്മ സോഷ്യല്‍മീഡിയയില്‍  പോസ്റ്റിട്ടത്. പക്ഷേ പോസ്റ്റിനു താഴെ വലിയ വിമര്‍ശനമാണ് ചൈനീസ് യുവതിക്കു കേള്‍ക്കേണ്ടിവന്നത്.  

പ്രാതല്‍ ഭക്ഷണം മേശയ്ക്കു മുകളില്‍ നിരത്തിവച്ചിട്ടുണ്ട്. കുടുംബത്തിലെ ഇളയ മകന്‍ ഈ ഭക്ഷണത്തിലേക്കാണ് മൂത്രമൊഴിച്ചത്. എന്നാല്‍ കുട്ടിയെ തടയുകയോ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് വിലക്കുകയോ ചെയ്യുന്നതിനു പകരം ഭക്ഷണത്തിലേക്ക് കുട്ടി മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ എടുത്ത് അഭിമാനത്തോടെ സോഷ്യല്‍മീഡിയയില്‍ പങ്കുവക്കുകയായിരുന്നു. പുഴുങ്ങിയ മുട്ടയും ബണ്ണും പച്ചക്കറികളും ഉള്‍പ്പെടുന്ന പ്രാതല്‍ ഭക്ഷണത്തിലേക്കാണ് കുട്ടിയുടെ ചെയ്തി. അതേസമയം കുട്ടിക്ക് എത്ര വയസുണ്ടെന്നോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇവരുടെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുമില്ല. 

നിങ്ങള്‍ ആ ഭക്ഷണം കഴിച്ചോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു, അതേ കഴിച്ചുവെന്നായിരുന്നു അമ്മയുടെ മറുപടി. സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം  പരമ്പരാഗത ചൈനീസ് സംസ്കാരത്തിൽ, ആൺകുട്ടികളുടെ മൂത്രത്തിന് പ്രത്യേക ശക്തിയുണ്ടെന്നൊരു വിശ്വാസമുണ്ട്.  ഊര്‍ജം വര്‍ധിപ്പിക്കാനും പനി കുറയ്ക്കാനും ദുഷ്ടാത്മാക്കളെ അകറ്റാനും ഭാഗ്യം വര്‍ധിപ്പിക്കാനും ആണ്‍കുട്ടികളുടെ മൂത്രം ഗുണകരമാകുമെന്നും വിശ്വാസമുണ്ട്. അതാവാം ഈ കുടുംബത്തിന്റെ ഈ അഭിമാനത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. 

10വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് പ്രത്യേക ശക്തിയെന്ന് ഇവര്‍ വിശ്വസിക്കുന്നത്.  പ്രത്യേകിച്ച് ഒരു മാസം പൂര്‍ത്തിയാകും മുന്‍പുള്ള ആണ്‍കുഞ്ഞുങ്ങളുടെ ഒരു ദിവസത്തെ ആദ്യമൂത്രത്തിനാണ് പ്രത്യേകതകള്‍ കണക്കാക്കുന്നത്. തെക്കന്‍ ചൈനയില്‍ പ്രചാരത്തിലുള്ള ഒരു ഭക്ഷണമാണ് ‘യൂറിന്‍ എഗ്ഗ്സ്’. കിന്‍ഡര്‍ ഗാര്‍ട്ടനില്‍ നിന്നും പ്രൈമറി സ്കൂളുകളില്‍ നിന്നും മൂത്രം ശേഖരിച്ച് ഒരു പാത്രത്തിലൊഴിച്ച് മുട്ടയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് യൂറിന്‍ എഗ്ഗ്സ്.  

ഉണ്ണിമൂത്രം പുണ്യാഹം എന്നു മലയാളികളും പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷേ പറയാനല്ലാതെ ചൈനക്കാരെ പോലെ ചിന്തിക്കാനൊന്നും നമ്മള്‍ മലയാളികളെക്കൊണ്ടാവില്ലന്നാണ് ഈ വാര്‍ത്ത കേട്ടവരൊക്കെ പറയുന്നത്. 

Social media got angry on chinese mother who shared video of son urinating on family meal:

Social media got angry on chinese mother who shared video of son urinating on family meal.