പെരുമ്പാമ്പിന്‍റെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 64കാരിയുടെ വാര്‍ത്തയാണ് തായ്‌ലന്‍റില്‍ നിന്നെത്തുന്നത്. രണ്ടു മണിക്കൂറോളം ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്‍റെ പിടിയില്‍ നിന്ന് വീട്ടമ്മയെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചു. ബാങ്കോക്കിലാണ് സംഭവം.
അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന തിരക്കിലായിരുന്നു ആരോം എന്ന സ്ത്രീ. ഇതിനിടെ തുടയില്‍ ഒരു വേദന അനുഭവപ്പെട്ടു, നോക്കിയപ്പോള്‍ തന്നെ വരിഞ്ഞുമുറുക്കുന്ന പെരുമ്പാമ്പിനെയാണ് അവര്‍ കണ്ടത്. ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ ആ നടുക്കുന്ന സംഭവം ഓര്‍ത്തെടുത്തത് ഇങ്ങനെ;
‘ഏകദേശം 13– 16 അടി നീളം കാണും ആ പെരുമ്പാമ്പിന്. ഞാനതിന്‍റെ മുഖത്ത് വെള്ളം തളിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും ഞാന്‍ വീണു പോയി. തൊട്ടടുത്ത നിമിഷം അതെന്ന് കടിച്ചു. കൂടുതല്‍ ചുറ്റിവരിഞ്ഞു. രണ്ടു മണിക്കൂറോളം പരിശ്രമിച്ചിട്ടും അതിന്‍റെ പിടിയില്‍ നിന്ന് എനിക്ക് രക്ഷയുണ്ടായില്ല. പാമ്പിന്‍റെ തലയിലടക്കം ആഞ്ഞടിച്ചു. രക്ഷപ്പെടുത്തണേ എന്നുറക്കെ കരഞ്ഞുവിളിച്ചു. ആദ്യം അതാരും കേട്ടില്ല. കുറച്ചുസമയത്തിനു ശേഷം ശബ്ദം കേട്ട് അയല്‍വാസി എത്തി. അവരാണ് പൊലീസില്‍ വിവരം അറിയിച്ചത്’
സ്ഥലത്തെത്തുമ്പോള്‍ നടുക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് പൊലീസും പിന്നീട് പ്രതികരിച്ചു. സ്ത്രീയെ പൂര്‍ണമായും ആ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുമ്പുദണ്ഡുകൊണ്ട് പെരുമ്പാമ്പിന്‍റെ തലയില്‍ ആഞ്ഞടിച്ചു, സ്ത്രീയെ അത് വിടും വരെ. പൊടുന്നനെ അത് കുടഞ്ഞുവീണ് ഇഴഞ്ഞുപോയി.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടും മുന്‍പേ പെരുമ്പാമ്പ് അവിടെ നിന്നും പോയി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ സുഖംപ്രാപിച്ചു വരികയാണ്. പാമ്പ് പലതവണ കടിച്ചിട്ടുമുണ്ട്. അതിന്‍റെ ചികിത്സ പുരോഗമിക്കുകയാണ് എന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 26 പേര്‍ പാമ്പുകടിയേറ്റ് തായ്‌ലന്‍റില്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. 12,000 ആളുകള്‍ പാമ്പുകടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്.