ഇസ്രയേൽ വ്യോമതാവളത്തെ ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. ഞായറാഴ്ച പുലർച്ചെയാണ് ഹൈഫയ്ക്ക് സമീപമുള്ള റാമത്ത് ഡേവിഡ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം. ഇസ്രയേൽ ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രണത്തിന് തിരിച്ചടിയാണ് ഹിസ്ബുല്ലയുടെ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല നേതാവ് അടക്കം 37 പേരാണ് കൊല്ലപ്പെട്ടത്.
തിരിച്ചടിയിലുണ്ടായ നാശനഷ്ടം എത്രയെന്ന് വ്യക്തമായിട്ടില്ല. ലെബനനിൽ നിന്നുള്ള റോക്കറ്റുകൾ ഹൈഫയിലും നസ്രത്തിലും തടഞ്ഞതായി പ്രാദേശിക ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാഡി1, ഫാഡി2 എന്നിങ്ങനെ രണ്ട് പുതിയ മിസൈലുകളാണ് ആക്രണത്തിന് ഉപയോഗിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
അതേസമയം മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു. ശനിയാഴ്ച മിലിട്ടറി പരേഡിലാണ് ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറാൻ അവതരിപ്പിച്ചത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് എയ്‌റോസ്‌പേസ് ഡിവിഷനാണ് ജിഹാദ് മിസൈൽ രൂപകൽപ്പന ചെയ്തത്. 1,000 കിലോമീറ്റർ (600 മൈലിലധികം) പ്രവർത്തന പരിധിയുള്ളതാണ് മിസൈൽ. ഷാഹദ്- ഷാഹെദ്-136 ന്റെ നവീകരിച്ച പതിപ്പായ 136B ഡ്രോണും പരേഡിൽ അവതരിപ്പിച്ചു. 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും.
വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ളയുടെ ആക്രമണത്തെത്തുടർന്ന് നഹരിയ, തിബെരിയാസ്, സഫേദ്, ഹൈഫ എന്നീ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിട്ടുണ്ട്. അതേസമയം ഗാസയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ശനിയാഴ്ച സ്കൂളിന് നേർക്ക് നടത്തിയ വ്യോമാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ വിഭാഗം അറിയിച്ചു.