modi-biden

TOPICS COVERED

പ്രതിരോധ, സാങ്കേതിക മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കാൻ ഇന്ത്യ- യു.എസ് ധാരണ. ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്‍റ്  ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.  ക്വാഡ് ഉ ച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ന് ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

 

ചൈനയിൽ നിന്നുള്ള വെല്ലുവിളിയും ഇന്തോ പസഫിക് മേഖലയിലെ സുരക്ഷയുമാണ് ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായത്. ദക്ഷിണ ചൈന കടലില്‍ ഉയരുന്ന പ്രശ്നങ്ങളിലും  റഷ്യ– ഉത്തര കൊറിയ ബന്ധം ശക്തമാകുന്നതിലും ഉച്ചകോടിയില്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. 

 ക്വാഡ് ഒരു രാജ്യത്തിനുമെതിരല്ലെന്നും രാജ്യാന്തര നിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. ക്വാഡ് നിലനില്‍ക്കുമെന്നും  ഒരു രാജ്യത്തിന്റെയും പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2025ൽ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക. ഉച്ചകോടിക്ക് മുൻപായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി. യു എസിൽ നിന്ന് വാങ്ങുന്ന 31 എംക്യു-9ബി സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകളുടെ കൈമാറ്റ പുരോഗതി വിലയിരുത്തി. കൊൽക്കത്തയിൽ സെമി കണ്ടക്റ്റർ പ്ലാൻ്റ് നിർമിക്കുന്നതടക്കം  വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കാനും ധാരണയായി. നിലവില്‍ ന്യൂയോര്‍ക്കില്‍ ഉള്ള  പ്രധാനമന്ത്രി  ഇന്ന് 15, 000 ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും.

ENGLISH SUMMARY:

India and the U.S. have reached an agreement to enhance cooperation in the defense and technology sectors. Prime Minister Narendra Modi, who is on a three-day visit to the U.S., held discussions with President Joe Biden during this trip.