modi-gift

Image Credit : PTI

വര്‍ഷങ്ങളായി കാണുന്ന സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് കശ്മീരിലെ ഒരു കര്‍ഷകന്‍. പ്രധാന മന്ത്രിയെ ഒരു നോക്കുകാണണം. താന്‍ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നല്ലൊരു വസ്ത്രം അദ്ദേഹത്തിന് സമ്മാനമായി നല്‍കണം. 2013 മുതല്‍ കശ്മീരിലെ കര്‍ഷകനായ ഇര്‍ഷാദ് ഹുസൈന്‍ നയ്കൂ കാണുന്ന സ്വപ്നമാണിത്. അവസാനം താന്‍ ആഗ്രഹിച്ചതിലും വലിയ നേട്ടമാണ് അനന്ത്‌നാഗ് സ്വദേശിയായ ഇര്‍ഷാദിന് കൈവന്നിരിക്കുന്നത്. കാലങ്ങളായി കാത്തിരുന്ന്  ഇര്‍ഷാദ് സമ്മാനിച്ച വസ്ത്രം ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയത്. 

കശ്മീരിലെ പരമ്പരാഗത വസ്ത്രമായ ഫെരന്‍ ആണ് ഇര്‍ഷാദ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. കശ്മീര്‍ സന്ദര്‍ശനത്തിന് അതിലും മികച്ചത് മറ്റൊന്നില്ലെന്ന തോന്നലാകാം പ്രധാനമന്ത്രിയെ ഈ വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായുളള ആഗ്രഹവും നിശ്ചയദാര്‍ഢ്യവുമാണ് ഇര്‍ഷാദിനെ തന്‍റെ സ്വപ്നം നേടിയെടുക്കാന്‍ സഹായിച്ചത്. 2013 ലാണ് തന്‍റെ ആരാധനാപാത്രമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തെങ്കിലും ഒരു സമ്മാനം നല്‍കണം എന്ന ആഗ്രഹം ഇര്‍ഷാദിന്‍റെ മനസില്‍ ഉടലെടുത്തത്. പിന്നീട് അതിന് വേണ്ടിയുളള അധ്വാനമായിരുന്നു.

നന്നായി ജോലി ചെയ്ത് കിട്ടുന്നതിന്‍റെ ഒരു ഭാഗം സമ്മാനം വാങ്ങാനായി ഇര്‍ഷാദ് മാറ്റിവെച്ചു. സാമ്പത്തിക വെല്ലുവിളികള്‍ ഏറെ ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്ന് ഇര്‍ഷാദ് ചെറിയൊരു സമ്പാദ്യം ഉണ്ടാക്കിയെടുത്തു. അവസാനം ഈ പണം കൊണ്ട് എന്ത് സമ്മാനമാണ് പ്രധാനമന്ത്രിക്ക് നല്‍കുക എന്ന ചിന്തയായി. കുറേ ആലോചിച്ചിട്ടും ഇര്‍ഷാദിന് ഉത്തരം കിട്ടിയില്ല. അവസാനം കശ്മീരിന്‍റെ പരമ്പരാഗത വസ്ത്രമായ ഫെരന്‍ തന്നെ സമ്മാനമായി നല്‍കാം എന്ന തീരുമാനത്തിലെത്തി.

അവിടെയും പ്രതിസന്ധികളുണ്ടായിരുന്നു. മോദിയുടെ വസ്ത്രത്തിന്റെ അളവ് അറിയാത്തത് ആദ്യ ഘട്ടത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. പിതാവ് ധരിക്കുന്നതിന് സമാനമായ അളവുള്ള വസ്ത്രമാണ് മോദി ധരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇര്‍ഷാദ് അച്ഛനേയും കൂട്ടി തയ്യല്‍ക്കാരന്റെ അടുത്തെത്തി. അച്ഛന്‍റെ അളവില്‍ എപ്രകാരം ഫെരന്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും നല്‍കി. പിന്നാലെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ ഫെരനുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് യാത്ര തിരിച്ചു. അനന്ത്നാഗില്‍ നിന്നും നേരെ ഡല്‍ഹിയിലേക്ക്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ എത്തിയ ഇര്‍ഷാദിന് പക്ഷേ സുരക്ഷാപ്രശ്നങ്ങള്‍ മൂലം അകത്തേക്ക് കടക്കാനായില്ല. 

കയ്യില്‍ കരുതിയ സമ്മാനം പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചാലും മതിയെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ജീവനക്കാര്‍ അത് വാങ്ങാന്‍ തയ്യാറായില്ല. തോറ്റ് മടങ്ങാന്‍ ഇര്‍ഷാദും തയ്യാറായിരുന്നില്ല. തിരിച്ച് കശ്മീരിലെത്തി കൊറിയര്‍ മുഖേന സമ്മാനം പ്രധാനമന്ത്രിക്ക് അയച്ചു. ഒരു കുറിപ്പും സമ്മാനത്തിനൊപ്പം വെച്ചു. ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോള്‍ ഇര്‍ഷാദിനെ ഞെട്ടിച്ചു. നിങ്ങള്‍ പ്രധാനമന്ത്രിയെ കാണാന്‍ വന്നിരുന്നല്ലേ എന്നൊരു ചോദ്യം. ഫോണ്‍ കോള്‍ വന്നതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ നിന്നും. ഇര്‍ഷാദിനെ കുറിച്ചുളള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഒരു കാര്യം കൂടി അവര്‍ ഇര്‍ഷാദിനോട് പറഞ്ഞു. 

'നിങ്ങള്‍ അയച്ച സമ്മാനമാണ് പ്രധാനമന്ത്രി ഇന്ന്  ധരിച്ചിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ കശ്മീരിലുണ്ട്.  നിങ്ങള്‍ സമ്മാനിച്ച ഫെരന്‍ ധരിച്ചാണ് ശ്രീനഗറിലെ റാലിയില്‍ അദ്ദേഹം പങ്കെടുക്കുന്നത്' എന്നായിരുന്നു ആ സന്ദേശം. സംഭവം അറിഞ്ഞപാടെ പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനവും തുടര്‍ന്നുളള പരിപാടിയും ലൈവ് ടെലിക്കാസ്റ്റ് കാണണമെന്ന് ഇര്‍ഷാദ് സുഹൃത്തുക്കളെ അറിയിച്ചു. തുടര്‍ന്ന് താന്‍ സമ്മാനിച്ച ഫെരന്‍ ധരിച്ചെത്തിയ പ്രധാനമന്ത്രിയെ ടിവിയിലൂടെ കണ്‍നിറയെ കണ്ടു. വര്‍ഷങ്ങളായുളള സ്വപ്നം നിറവേറിയ സന്തോഷത്താല്‍ ആനന്ദാശ്രു പൊഴിക്കുകയായിരുന്നു കശ്മീരിലെ സാധാരണ കര്‍ഷകനായ ഇര്‍ഷാദ് ഹുസൈന്‍ നയ്കൂ അപ്പോള്‍....

ENGLISH SUMMARY:

Story Of A Pheran Gifted To PM Modi By Kashmiri Farmer