anura-kumara-dissanayake-wa

TOPICS COVERED

ശ്രീലങ്കയില്‍ ഇടതുപക്ഷ നേതാവ് അനുരകുമാര ദിസനായകെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി രണ്ടാം ഘട്ട വോട്ടെണ്ണലിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ രണ്ടാമതും നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിഗെ മൂന്നാമതുമെത്തി.

 

2022ലെ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുനയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവിനെ രാജ്യഭരണമേല്‍പിക്കാന്‍ ജനം തീരുമാനിച്ചു. 38 പേര്‍ മാറ്റുരച്ച മല്‍സരത്തിന്‍റെ ആദ്യ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എന്‍.പി.പി. നേതാവ് അനുരകുമാര ദിസനായകെ നേടിയത്  42.31 ശതമാനം വോട്ടുകള്‍. രണ്ടാമതെത്തിയ യുണൈറ്റഡ് പീപ്പിള്‍സ് ഫോറം നേതാവ് സജിത്ത് പ്രേമദാസയ്ക്ക് 32.76 ശതമാനം വോട്ടുകള്‍. ആരും 50 ശതമാനം വോട്ട് നേടാതിരുന്നതോടെ തിരഞ്ഞെടുപ്പ് നിയമപ്രകാരം റനില്‍ വിക്രമസിംഗെ അടക്കമുള്ളവരെ ഒഴിവാക്കി പോരാട്ടം ദിസനായകെയും പ്രേമദാസയും തമ്മിലായി. 

രണ്ടാം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴും ദിസനായകെയായിരുന്നു മുന്നില്‍. ഒടുവില്‍ യുവജന-തൊഴിലാളി-വനിതാ സംഘടനകളടക്കം 21 വ്യത്യസ്ത ഗ്രൂപ്പുകളുടെ പ്രതിനിധിയായി മല്‍സരിച്ച, മാർക്സിസ്റ്റ് ആശയ അടിത്തറയുള്ള പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് നേതാവ് അന്‍പത്തഞ്ചുകാരന്‍ അനുരകുമാര ദിസനായകെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനയുമായി അടുപ്പമുള്ള നേതാവായി അറിയപ്പെടുന്ന ദിസനായകെ, സാമ്പത്തികമേഖലയിലടക്കം സമൂലമാറ്റമാണ് വാഗ്ദാനം ചെയ്യുന്നത്.