വനിതാ ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ മുന്‍പില്‍ വെച്ച് ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. പാക്കിസ്ഥാനെതിരായ മല്‍സരത്തിനിടെ കഴുത്തിന് പരുക്കേറ്റ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ന് ടീമിലുണ്ടാകുന്ന കാര്യം സംശയമാണ്. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വന്‍മാര്‍ജിനില്‍ ജയിക്കണം. ഒപ്പം ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടതിന്റെ കണക്കും തീര്‍ക്കാനുമുണ്ട്.
ന്യൂസിലന്‍ഡിനോട് തോറ്റ് തുടങ്ങിയ ഇന്ത്യ കഴിഞ്ഞ മല്‍സരത്തില്‍ പാക്കിസ്ഥാനോട് വിജയിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മത്സരം കഴിഞ്ഞാല്‍ പിന്നെ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയക്കും എതിരെ വന്‍ മാര്‍ജിനിലെ ജയമാണ് ഇന്ത്യക്ക് വേണ്ടത്. എന്നാല്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ജയിക്കുക ഇന്ത്യക്ക് പ്രയാസമാണ്.
ബാറ്റിങ് നിരയാണ് ഇന്ത്യയുടെ ആശങ്ക. ഷഫാലി– സ്മൃതി ഓപ്പണിങ് സഖ്യത്തിന് ഇതുവരെ തിളങ്ങാനായിട്ടില്ല. ന്യൂസിലന്‍ഡിന് എതിരെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം പിരിഞ്ഞു. പാക്കിസ്ഥാന് എതിരെ 18 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് വന്നപ്പോഴേക്കും സ്മൃതി മന്ഥാന മടങ്ങിയിരുന്നു.