ലബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സേന നടത്തിയ വ്യോമാക്രണത്തിൽ മരണ സംഖ്യ ഉയരുന്നു. 492 പേർ മരിക്കുകയും 1600 ലേറെ പേർക്ക് പരിക്കേറ്റതായി ലബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ ലബനനിൽ 650 ലധികം ആക്രമണങ്ങളാണ് ഇസ്രയേൽ സേന നടത്തിയത്. 1,300 ഹിസുബല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 2006-ലെ യുദ്ധത്തിന് ശേഷം ലബനനില്‍ ഇസ്രയേൽ നടത്തിയ ഏറ്റവും മാരകമായ ആക്രമണമാണിത്.
Also Read: ഇസ്രയേല്‍ വ്യോമാക്രമണം; ലബനനില്‍ മരണം അഞ്ഞൂറിലേക്ക്
ശനിയാഴ്ച വടക്കൻ ഇസ്രയേലിലെ ഹൈഫയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്‍റെ ആക്രമണം. ഹിസ്ബുല്ലയുടെ 85 റോക്കറ്റുകളാണ് അന്ന് ആക്രമണം നടത്തിയത്. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹിസ്ബുല്ലയുടെ ആയുധകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ മുതലാണ് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചത്. ഇസ്രയേലിൻറെ വടക്കൻമേഖലയിലേക്ക് ഹിസ്ബുല്ല 200ലധികം റോക്കറ്റ് ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. ലബനൻ മറ്റൊരു ഗാസ ആകരുതെന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അൻറോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി.
Also Read: ഹിസ്ബുല്ല തൊടുത്ത് വിട്ടത് 85 പുത്തൻ ഫാദി മിസൈൽ; ആയുധപുരയിൽ ഇനിയും ശേഖരം; ഭീഷണി
ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോഗവ് ഗാലന്റിന്‍റെ പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ നിന്ന് ഉടൻ ഒഴിയാൻ ഇസ്രായേലി സൈന്യം തദ്ദേശവാസികളോട് ഫോൺ മുഖേനെ ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലി ആക്രമണങ്ങൾക്ക് പിന്നാലെ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സമ്പൂർണ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ തെക്കൻ, കിഴക്കൻ ലബനൻ ഭാഗങ്ങളിൽ നിന്ന് പലായനവും തുടങ്ങി.
ഇസ്രയേൽ-ഹമാസ് ആക്രമണത്തിന് പിന്നാലെ ഹിസ്ബുല്ല ലബനൻ അതിർത്തിയിൽ ഇസ്രയേലിനെ ആക്രമിക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയാണ് പേജർ ആക്രമണവും തിങ്കളാഴ്ചയിലെ വ്യോമാക്രമണവും. പേജർ ആക്രമണത്തിന് പിന്നാലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മിലിട്ടറി കമാൻഡർ അടക്കം നിരവധി പ്രവർത്തകരെ നഷ്ടമായിരുന്നു. ഇതിന് തിരിച്ചടിയായാണ് ഹിസ്ബുല്ല ഹൈഫയിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്.