സമൂഹമാധ്യമത്തില്‍ ലൈക്കും ഷെയറും വാരിക്കൂട്ടാനായി എന്ത് അഭ്യാസത്തിനും തയ്യാറാണ് ഒരു കൂട്ടര്‍. എന്തു വിലകൊടുത്തും തങ്ങളുടെ ഫോട്ടോകളും വിഡിയോകളും അത്യാകര്‍ഷകമാക്കി വ്യൂവേഴ്സിനു മുന്നില്‍ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍. അക്കൂട്ടത്തില്‍പെടുന്നയാളാണ് പാകിസ്ഥാനില്‍ നിന്നുള്ള ഗായിക കൂടിയായ റബേക്ക ഖാന്‍.
തന്‍റെ ഇരുപതാം പിറന്നാള്‍ ‘എയറില്‍’ ആഘോഷിച്ച റബേക്കയുടെ വിഡിയോ കണ്ട അമ്പരപ്പിലാണ് കാഴ്ചക്കാര്‍. പിറന്നാളാഘോഷം വെറൈറ്റിയാക്കാന്‍ ക്രെയിനില്‍ തൂങ്ങിയാടിയാണ് റബേക്ക ഈ അതിസാഹസിക ചിത്രങ്ങള്‍ എടുത്തത്. ഫോട്ടോഷൂട്ടിന്‍റെ പിന്നാമ്പുറ കാഴ്ചകള്‍ കൂടി പുറത്തുവന്നതോടെ ഇത്രയ്ക്ക് സാഹസം കാണിക്കേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ഇവരുടെ ആരാധകര്‍ മുന്നോട്ടു വയ്ക്കുന്നത്.
നീളത്തിലുള്ള ഓറഞ്ച് ഉടുപ്പ് ധരിച്ച അതിസുന്ദരിയായ യുവതി ബലൂണുകളില്‍ തൂങ്ങി പറന്നുപോകുന്നതു പോലെയുള്ള ചിത്രങ്ങളാണിത്. ‘ഗുഡ്ബൈ ടീന്‍സ്, ഹലോ ട്വന്‍റീസ്’ എന്ന അടിക്കുറിപ്പോടെയാണ് റബേക്ക ചിത്രങ്ങള്‍ പങ്കുവച്ചത്. മില്യണ്‍ കണക്കിനാളുകളാണ് ഇത് കണ്ടതും ലൈക്കുകളും കമന്‍റുകളുമിട്ടതും. പിന്നാലെ ചിത്രത്തിനു വേണ്ടിവന്ന കഷ്ടപ്പാട് എത്രത്തോളമായിരുന്നുവെന്ന് കാണിക്കാനായി അണിയറ വിഡിയോയും റബേക്ക പങ്കിട്ടു.
‘വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇതിലെത്തിച്ചത്. നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു ചിത്രങ്ങള്‍ എടുക്കാന്‍. പക്ഷേ എനിക്കിത് ചെയ്തേ മതിയാകൂ എന്ന തോന്നലുണ്ടായി. ആത്മവിശ്വാസവും ആത്മധൈര്യവും നമുക്കുണ്ടാകണം. ദൈവ വിശ്വാസവും കൈവിടരുത്. അങ്ങനെയെങ്കില്‍ ചെയ്യുന്ന കാര്യങ്ങളെന്തും അതിന്‍റെ പൂര്‍ണതയിലെത്തും ആയാസരഹിതമായി’ എന്നാണ് റബേക്ക തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് പിന്നീട് പ്രതികരിച്ചത്.
വൈറലാകാന്‍ ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ‘ഇതിപ്പോ ഇത്ര കഷ്ടപ്പെടണമായിരുന്നോ ഫോട്ടോഷോപ്പ് ഇല്ലേ?’ എന്നു ചോദിക്കുന്നവരും കുറവല്ല. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ആറു മില്യണോളം ഫോളോവേഴ്സുള്ളയാളാണ് റബേക്ക ഖാന്‍.