MarcellusWilliams

TOPICS COVERED

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രണ്ട്  പതിറ്റാണ്ടുകള്‍ക്ക് ശേഷം ശിക്ഷ നടപ്പിലാക്കി യു.എസ്. യുഎസിലെ മിസോറിയിലാണ് കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 25 വര്‍ഷത്തിലേറെയായി ജയിലിലായിരുന്ന  മാർസെല്ലസ് വില്യംസിനെ തൂക്കിലേറ്റിയത്. 1998-ൽ സെൻ്റ് ലൂയിസ് നഗരത്തില്‍ വച്ച് ഫെലിസിയ ഗെയ്‌ലിനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. ചൊവ്വാഴ്ച രാത്രിയാണ് മാർസെല്ലസ് വില്യസിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്.  മുമ്പ് രണ്ടുതവണ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു.  ഫെലിസിയ ഗെയ്‌ലിനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ താൻ നിരപരാധിയാണെന്നായിരുന്നു വില്യംസിന്‍റെ വാദം.

ഒരു അമേരിക്കൻ പത്രപ്രവർത്തകയായിരുന്നു  ഫെലിസിയ ഗെയ്ൽ.  1998 ഓഗസ്റ്റ് 11-ന് മിസോറിയിലെ യൂണിവേഴ്സിറ്റി സിറ്റിയിലെ വീട്ടില്‍ വച്ച് ഒരു മോഷണത്തിനിടെയായിരുന്നു കൊലപാതകം. വില്യംസ് ഗെയ്‌ലിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി വലിയ കത്തി ഉപയോഗിച്ച് 43 തവണ കുത്തുകയായിരുന്നു.

 ജൂറിമാരെ തിരഞ്ഞെടുക്കുന്നതിൽ വംശീയ വിവേചനം ഉണ്ടെന്നും കേസിലെ ഡിഎൻഎ തെളിവുകൾ തെറ്റായി കൈകാര്യം ചെയ്യപ്പെട്ടുവെന്നും വില്യംസിനെ പ്രതിനിധീകരിച്ച ഒരു അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ഈയാഴ്ച ആദ്യം സുപ്രീം കോടതിയും ഗവർണറും അദ്ദേഹത്തിൻ്റെ ദയാഹർജികൾ നിരസിച്ചു. തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.

വില്യംസിനെ കുറ്റകൃത്യ സ്ഥലവുമായി ബന്ധിപ്പിക്കുന്ന ഫൊറൻസിക് തെളിവുകളൊന്നും ഇല്ലെന്നായിരുന്നു വില്യംസിന്‍റെ അഭിഭാഷകന്‍റെ വാദം. കൊലപാതക ആയുധം തെറ്റായി കൈകാര്യം ചെയ്തെന്നും ,  ക്രൈം ലാബിൽ പരിശോധിച്ചശേഷം  കൊലപാതക ആയുധം കയ്യുറകളില്ലാതെ സ്പർശിച്ചുവെന്നും വാദത്തില്‍ പറയുന്നു.ബ്രിട്ടീഷ് കോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ ഉൾപ്പെടെ നിരവധി ആളുകളാണ് വധശിക്ഷയ്‌ക്കെതിരെ പ്രചാരണം നടത്തിയത്.  വധശിക്ഷ രണ്ടുതവണ - 2017 ലും 2015 ലും ഒരു തവണ സ്റ്റേ ചെയ്തിരുന്നു.