പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിമാനം...യാത്രകളെ കുറിച്ചുള്ള  മനുഷ്യരാശിയുടെ സങ്കല്‍പങ്ങളെയാകെ മാറ്റിമറിച്ച കണ്ടുപിടിത്തം. പറന്നു തുടങ്ങിയശേഷമാണ് ദൂരത്തെയും വേഗത്തെയും കീഴടക്കി അപ്രാപ്യമെന്ന് കരുതിയ പലതിനെയും  മനുഷ്യന്‍ എത്തിപ്പിടിച്ചു തുടങ്ങിയത്. വിമാനത്തിലേറി ഭൂമിയിലെ ഒട്ടുമിക്ക ഇടങ്ങളിലും മനുഷ്യന്‍ പറന്നിറങ്ങി.  പക്ഷേ  ഈ ഭൂമിയില്‍ തന്നെ മനുഷ്യന് പറന്നെത്താന്‍ വിലക്കുള്ള  ഒട്ടേറെ ഇടങ്ങളുണ്ട്.  പറക്കാന്‍ നിരോധനമുള്ള ഈ പ്രദേശങ്ങള്‍ നോ ഫ്‌ളൈ സോണ്‍ എന്നാണ്  അറിയപ്പെടുന്നത്.  മതപരമായ കാരണങ്ങളില്‍ തുടങ്ങി പരിസ്ഥിതി, ചരിത്രം എന്നു വേണ്ട രാഷ്ട്രീയമായ കാരണങ്ങള്‍ വരെയാണ് ഇത്തരം നോ ഫ്‌ളൈ സോണുകളെ നിര്‍ണയിക്കുന്നത്. 

നോ ഫ്ളൈ സോണുകളെ സ്ഥിരമെന്നും താല്‍കലികമെന്നും രണ്ടായി തിരിക്കാം. ദേശീയ പ്രാധാന്യമുള്ള പരിപാടികള്‍  നടക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി  ഏതാനും മണിക്കുറുകളോ ദിവസങ്ങളോ  നിയന്ത്രണം പ്രഖ്യാപിക്കാറുണ്ട് . യുദ്ധകാലങ്ങളില്‍ ഇത് സര്‍വസാധാരണമാണ്. 

ഡിസ്‌നി ലാന്‍ഡ്

disneyland-new

image:facebook

ഡിസ്‌നിലാന്‍ഡിന്‍റെ ചാരുതയാര്‍ന്ന ചിത്രം കാണാത്തവരായി അധികമാളുകള്‍ ഉണ്ടാവില്ല. എന്നാല്‍ വിമാനയാത്രയ്ക്കിടെ ജാലകത്തിലൂടെ നോക്കുമ്പോള്‍ ഡിസ്‌നിലാന്‍ഡ് കാണമെന്ന് ആഗ്രഹിച്ചാല്‍ തല്‍ക്കാലം നടക്കില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍ററിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ്  സുരക്ഷ വര്‍ധിപ്പിക്കുന്നതി‌ന്‍റെ  ഭാഗമായി ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നി വേള്‍ഡും കലിഫോര്‍ണിയയിലെ ഡിസ്‌നിലാന്‍ഡും നോ ഫളൈ സോണ്‍ ആയി പ്രഖ്യാപിച്ചത്. കെട്ടിടം സ്ഥിതി ചെയ്യുന്നതിന്   3000 അടി അകലെ  വിമാനങ്ങള്‍ക്ക് പ്രവേശന വിലക്കുണ്ട്. 2003 ല്‍ ഇത് സ്ഥിരം നോ ഫ്‌ളെ സോണ്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

വാഷിങ്ടണ്‍ ഡിസി

US-POLITICS-CAPITOL-ECONOMY

എഫ്.ബി.ഐയുടെയും യു.എസ് ആഭ്യന്തര വകുപ്പിന്‍റേതുമടക്കം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ അതീവ സുരക്ഷാമേഖലയാണ് വാഷിങ്ടണ്‍ ഡി.സി. 9/11  ഭീകരാക്രമണത്തോടെ വാഷിങ്ടണ്‍ ഡി.സിയുടെ സുരക്ഷ കുറേക്കൂടി വര്‍ധിപ്പിച്ചു, നോ ഫ്ലൈ സോണുമാക്കി. നോ ഫ്‌ളൈ സോണിന് പുറത്തെ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയില്‍ വിമാനം പ്രവേശിക്കണമെങ്കില്‍ പോലും കടുത്ത നടപടിക്രമങ്ങളാണുള്ളത്. 

എരിയ 51

area-51

image credit: BBC

അന്യഗ്രഹ ജീവികള്‍, പറക്കും തളികകള്‍, അങ്ങനെ കൊടുംരഹസ്യങ്ങളുടെ അതിനിഗൂഢ കേന്ദ്രമാണ് ഏരിയ 51. നെവാഡയില്‍ ഹെക്ടറുകള്‍ പരന്നു കിടക്കുന്ന മരുഭൂമിക്ക് സമാനമായ പ്രദേശമാണിത്. രഹസ്യങ്ങള്‍ കുടിയിരിക്കുന്ന ഈ മേഖല അതിനാല്‍ തന്നെ നോ ഫ്ളൈ സോണാണ്. പുറത്തു നിന്ന് ആര്‍ക്കും അതിക്രമിച്ച് കടക്കാനാകില്ലെന്ന് ചുരുക്കം.  അമേരിക്ക ഇവിടെ അന്യഗ്രഹ ജീവികളെ ഒളിപ്പിച്ചിരിക്കുകയാണെന്നും അതല്ല, ലോകത്തെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നതുമടക്കം ഒട്ടേറെ കഥകളാണ്   എരിയ 51ന ചുറ്റിപ്പറ്റിയുള്ളത്. ഈ കഥകളൊന്നും നിഷേധിക്കാനോ ശരിവയ്ക്കാനോ അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഡൗണിങ് സ്ട്രീറ്റ്

TOPSHOT-BRITAIN-POLITICS-NATURE-ANIMAL

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റും നോ ഫ്‌ളൈ സോണ്‍ ആണ്. കര്‍ശന സുരക്ഷയാണ് ഡൗണിങ് സ്ട്രീറ്റ് പ്രദേശത്തിനുള്ളത്. ഡൗണിങ് സ്ട്രീറ്റിന് പുറമെ ബ്രിട്ടിഷ് പാര്‍ലമെന്‍റ്, ബെക്കിങ്ഹാം പാലസ്, വിന്‍ഡ്‌സര്‍ കാസില്‍ എന്നിവയുടെ പരിസരത്ത് കൂടിയും വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി ഇല്ല. 

മാച്ചു പിച്ചു

PERU-MACHU PICCHU-SEVEN WONDERS

സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതയാണ് പെറുവിലെ മാച്ചുപിച്ചുവിനെ നോ ഫ്‌ളൈ സോണാക്കിയത്. അത്യപൂര്‍വമായ സസ്യ-ജന്തുജീവി വൈവിധ്യമാണ് മാച്ചുപിച്ചുവിലുള്ളത്. ഇവിടേക്ക് എത്തിച്ചേരാനുള്ള ചിന്‍ചെരോ വിമാനത്താവളത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണെങ്കിലും വലിയ എതിര്‍പ്പാണ് ചരിത്രകാരന്‍മാരും ആക്ടിവിസ്റ്റുകളും ഉയര്‍ത്തുന്നത്. ‌ചിന്‍ചെരോ വിമാനത്താവളം യാഥാര്‍ഥ്യമായാല്‍  മാച്ചുപിച്ചുവില്‍ മലിനീകരണം വര്‍ധിക്കുമെന്നും അത് സസ്യ-ജന്തുജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നമാണ് അവരുടെ വാദം. മലിനീകരണം കുറയ്ക്കുന്നതിനായി മാച്ചുപിച്ചുവിന് കുറുകേയുള്ള  പറക്കല്‍ നിലവില്‍ നിരോധിച്ചിരിക്കുകയാണ്. 

പാര്‍ഥിനോണ്‍

CLIMATE/EARTHHOUR

പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ ഏറ്റവും വലിയ ഉദാഹരണമാണ് അക്രൊപൊളിസിലെ അഥീന ക്ഷേത്രമായ പാര്‍ഥിനോണ്‍. ക്ഷേത്രത്തിന് സമീപമുള്ള അംബരചുംബികളായ തൂണുകള്‍ക്ക് മുകളിലൂടെ പറക്കാം . പക്ഷേ ക്ഷേത്രത്തിന് ചുറ്റും  5000 ചതുരശ്ര അടി ചുറ്റളവില്‍‍ പറക്കാന്‍‍ നിരോധനമുണ്ട് . മാച്ചുപിച്ചുവിലേത് പോലെ തന്നെ പൗരാണക ക്ഷേത്രത്തിന്‍റെ  സംരക്ഷണമാണ് നിരോധന ലക്ഷ്യം. 

മക്ക

APTOPIX Saudi Arabia Hajj

ഇസ്ലാം മതവിശ്വാസികളുടെ പുണ്യഭൂമിയായ മക്കയ്ക്ക് മുകളിലൂടെയും യാത്രാവിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. പ്രത്യേകിച്ചും കഅബയുടെ മുകളിലൂടെ. ഹജ്ജ് തീര്‍ഥാടനക്കാലത്ത് കോടിക്കണക്കിന് മനുഷ്യരാണ് കഅബ സന്ദര്‍ശിക്കാനും ഹജ്ജ് അനുഷ്ഠിക്കാനായി മക്കയിലെത്തുന്നത്. അനുവാദമില്ലാതെ മക്കയില്‍ പ്രവേശിച്ചാല്‍ അമുസ്ലിങ്ങളെ നാടുകടത്തുകയും പിഴ ഈടാക്കുകയും ചെയ്യും. 

തിബറ്റ്

CHINA-TIBET/

ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ പ്രദേശങ്ങളിലൊന്നാണ് തിബറ്റ്. സമുദ്രനിരപ്പില്‍ നിന്ന്  16,000 അടി ഉയരത്തിലാണ് തിബറ്റ് നിലകൊള്ളുന്നത്. വിമാനങ്ങള്‍ തകരാനുള്ള സാഹചര്യം മുന്നില്‍ക്കണ്ടാണ്  തിബറ്റിന്  മുകളിലൂടെ വ്യോമയാത്ര വിലക്കിയിരിക്കുന്നത്.

താജ്മഹല്‍

ANI_20240827260

ലോകാദ്ഭുതങ്ങളില്‍ ഏഴാമത്തേതായ നമ്മുടെ താജ്മഹലും ഒരു നോ ഫൈ സോണ്‍ ആണ്. 1983ല്‍ യുനസ്‌കോ താജ്മഹലിനെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. താജ്മഹലിലേക്കുള്ള സന്ദര്‍ശക പ്രവാഹം കണക്കിലെടുത്തുള്ള സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍  2006ലാണ് കേന്ദ്രസര്‍ക്കാര്‍ ഈ പ്രദേശം നോ ഫ്‌ളൈ സോണ്‍ ആയി പ്രഖ്യാപിച്ചത്. താജ്മഹലിന് പുറമെ പുരി ജഗന്നാഥ ക്ഷേത്രം, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്‍റ്, പ്രധാനമന്ത്രിയുടെ വസതി, പ്രതിരോധ, വ്യോമസേന കേന്ദ്രങ്ങള്‍‍, കല്‍പാക്കം ആണവ നിലയം, ശ്രീഹരിക്കോട്ട എന്നിവിടങ്ങളും നോ ഫ്ളൈ സോണുകളാണ്. 

ENGLISH SUMMARY:

What is no-fly zone? why Area 51 is till a no fly area and major no fly zones around world.