കനത്ത നാശനഷ്ടം വിതച്ച് ഹെലന്‍ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരത്തോട് അടുക്കുന്നു. രണ്ട് നില കെട്ടിടത്തെ പിഴുതെറിയാന്‍ പാകത്തില്‍ ശക്തമായ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 215 കിലോമീറ്ററാണ്. 'അതിജീവിക്കാന്‍ സാധിക്കാത്ത' വിധമുള്ള സാഹചര്യമാണ് ഹെലന്‍ ചുഴലിക്കാറ്റ് സൃഷ്ടിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫ്ലോറിഡ തീരം തൊടുന്നതിന് മുന്‍പ് കൂടുതല്‍ ശക്തിപ്രാപിച്ച് കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റായി ഹെലന്‍ മാറി.
ജീവന് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കി. ഹെലന്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നത് വരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം എന്നും എന്‍ഡബ്ല്യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്ലോറിഡയുടെ വടക്ക് പടിഞ്ഞാറന്‍ തീരത്താണ് ഹെലന്‍ ചുഴലിക്കാറ്റ് കരതൊടാന്‍ പോകുന്നത്. അമേരിക്കയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഹെലന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും കാറ്റും വീശുമെന്ന് മുന്നറിയിപ്പുണ്ട്.
അഞ്ച് ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധം ഹെലന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകരാറിലായതായാണ് കണക്കാക്കുന്നത്. കരതൊടുന്ന ചുഴലിക്കാറ്റ് ജോര്‍ജിയയിലേക്ക് നീങ്ങും. തെക്ക് കിഴക്കന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്‍പ് തന്നെ ഫ്ലോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഇഡാലിയ ചുഴലിക്കാറ്റ് ഫ്ലോറിഡയെ പിടിച്ചുകുലുക്കി ഒരു വര്‍ഷം പിന്നിടും മുന്‍പാണ് ഹെലന്‍ ചുഴലിക്കാറ്റ് ഭീതി വിതച്ച് എത്തുന്നത്. കാറ്റഗറി നാലില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റായിരുന്നു ഇഡാലിയ എങ്കിലും ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നില്‍ പെടുന്ന ചുഴലിക്കാറ്റായാണ് കര തൊട്ടത്.