APTOPIX UN General Assembly Israel

ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ഇറാനെ പരസ്യമായി വെല്ലുവിളിച്ചും പലസ്തീന്‍ ഇല്ലാത്ത ഭൂപടം ഉയര്‍ത്തിക്കാട്ടിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹുവിന്‍റെ പ്രസംഗത്തിലും നടപടിയിലും വന്‍ പ്രതിഷേധമാണ് പൊതുസഭയില്‍ ഉണ്ടായത്. വലത്തേ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഭൂപടത്തില്‍ മധ്യപൂര്‍വ രാജ്യങ്ങളായ ഇറാന്‍, ഇറാഖ്,സിറിയ, യെമന്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളെ 'ശാപം' എന്ന വിശേഷിപ്പിച്ചതിനൊപ്പം കറുത്ത നിറത്തിലുമാണ് ചിത്രീകരിച്ചിരുന്നത്. 

ഇടത്തേ കൈയില്‍ പച്ച നിറത്തില്‍ ഈജിപ്ത്, സുഡാന്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളും ഉണ്ടായിരുന്നു. പച്ച നിറത്തിലുള്ള രാജ്യങ്ങളുടെ ഭൂപടത്തിന് മുകളില്‍ 'അനുഗ്രഹം' എന്നാണ് എഴുതിയിരുന്നത്. ഈ രണ്ട് ഭൂപടങ്ങളിലും പലസ്തീന്‍ ഉണ്ടായിരുന്നില്ല. ശാപരാജ്യങ്ങള്‍ക്കെല്ലാം ഇറാനുമായി ബന്ധമുണ്ടെന്നും നിലവിലുള്ള എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഇറാനും സഖ്യരാജ്യങ്ങളുമാണെന്നും നെതന്യാഹു ആരോപിച്ചു. ലബനനിലും സിറിയയിലും യെമനിലുമുള്ള അസ്വസ്ഥതകള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം കാരണം ഇറാനാണെന്നും യുഎന്നിലെ പ്രസംഗത്തില്‍ നെതന്യാഹു തുറന്നടിച്ചു. 

ലബനനിലെ ഹിസ്ബുല്ലയ്ക്കും ഗാസയിലെ ഹമാസിനും യെമനിലെ ഹൂതി വിമതര്‍ക്കുമെല്ലാം സൈനിക– സാമ്പത്തിക സഹായം ടെഹ്റാനില്‍ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഇറാന് മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവിന്‍റെ പ്രസംഗമധ്യേ നിരവധി നയതന്ത്ര പ്രതിനിധികള്‍ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. ഇറാനിയന്‍ അധിനിവേശത്തിനെതിരായ സ്വാഭാവിക പ്രതികരണം മാത്രമാണ് ലബനനിലെയും ഗാസയിലെയും ആക്രമണങ്ങളെന്നും നെതന്യാഹു ന്യായീകരിച്ചു. ഹിസ്ബുല്ല യുദ്ധത്തിന്‍റെ വഴി സ്വീകരിക്കുന്ന കാലം മുഴുവന്‍ ഇസ്രയേലിന് അതിനെ പ്രതിരോധിക്കുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Israeli PM Benjamin Netanyahu stood at the podium of the United Nations General Assembly in New York holding two maps. Palestine doesn't exist in either of them.