Representative image (ANI)
അമേരിക്കയിലെ മിയാമി ബീച്ചില്‍ വച്ച് പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് ഇസ്രയേലി വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്ത് യുവാവ്. ബീച്ച് സന്ദര്‍ശിക്കാനെത്തിയ അച്ഛനും മകനും നേരെയാണ് വെടിവയ്പ്പുണ്ടായത്. തുടർന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്നാലെ പൊലീസ് പിടികൂടി. 27 കാരനായ മൊർദെഖായ് ബ്രാഫ്മാൻ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. 17 തവണയാണ് യുവാവ് വെടിയുതിര്‍ത്തത്.
ശനിയാഴ്ച രാത്രി ഏകദേശം 9.30 ഓടെ സ്ട്രീറ്റ് 48ന് സമീപമുള്ള ആൾട്ടൺ റോഡിലാണ് സംഭവം. വാഹനത്തില്‍ കടന്നുപോകുകയായിരുന്ന പ്രതി ഇരുവരേയും കണ്ടപ്പോള്‍ യൂടേണ്‍ എടുത്ത് തിരിച്ചുവന്നാണ് വെടിവയ്ക്കുന്നത്. രണ്ട് പലസ്തീനികൾ എന്ന് വിചാരിച്ചാണ് താന്‍ വെടിയുതിര്‍ത്തതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇരുവരും കൊല്ലപ്പെട്ടെന്നാണ് യുവാവ് കരുതിയത്. ആക്രമണത്തിൽ ഇസ്രയേലി വിനോദസഞ്ചാരികളില്‍ ഒരാളുടെ തോളിനും മറ്റൊരാളുടെ കൈക്കുമാണ് വെടിയേറ്റത്. അക്രമിയും വിനോദസഞ്ചാരവും തമ്മില്‍ പരിചയമോ മുന്‍വൈരാഗ്യമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
തങ്ങളുടെ അരികിലൂടെ കടന്നുപോയ ട്രക്കില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നും യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും വെടിയേറ്റവര്‍ പറഞ്ഞു. നിലവിൽ മിയാമി-ഡേഡ് കൗണ്ടി ജയിലിലാണ് പ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2023 ൽ ഇസ്രയേലി പതാക ഉയര്‍ത്തിയ കട അടിച്ചു തകര്‍ത്ത സംഭവത്തെ തുടര്‍ന്നുണ്ടായ വാര്‍ത്താ റിപ്പോര്‍ട്ടില്‍ ആളുകൾ പരസ്പരം പോരടിക്കരുതെന്നും ഐക്യത്തോടെ ജീവിക്കണമെന്നും ആവശ്യപ്പട്ട് പ്രതി പ്രത്യക്ഷപ്പെട്ടിരുന്നു.