പ്രതീകാത്മക ചിത്രം

TOPICS COVERED

പൊതുസ്ഥലങ്ങളില്‍   ശരീരസ്രവങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം ഹോങ്കോങില്‍ വ്യാപകമാകുന്നു. 170ഓളം ഹോങ്കോങുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടെയാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതെന്നും ആളുകള്‍ പറയുന്നു. ഹോങ്കോങ് സ്വദേശിയായ യുവതിയുടെ  പിന്‍ഭാഗത്ത് ബീജം ഒഴിച്ച യുവാവിന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെയുള്ള  വെളിപ്പെടുത്തലുകള്‍. പിഎച്ച്ഡി വിദ്യാര്‍ഥിയായ ലായ് ചാങ്​വെയ്ക്കാണ് കോടതി 642 യുഎസ് ഡോളര്‍ (അരലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ വിധിച്ചത്. 

ഹോങ്കോങ് സര്‍വകലാശാലയിലെ 22കാരിയായ വിദ്യാര്‍ഥിനിക്ക് നേരെയാണ് സ്പ്രേയറിലാക്കിയ ബീജം ലായ് പ്രയോഗിച്ചത്. ജാക്കറ്റിലും പാന്‍റിലും പാടുകള്‍ കണ്ടതോടെയാണ് യുവതി പരാതിപ്പെട്ടത്. ലായുടെ പ്രവര്‍ത്തി തന്നെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ആറിന് സര്‍വകലാശാലയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ക്യാംപസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ തെളിവായത്. കോടതി വിധിയില്‍ താന്‍ സംതൃപ്തയല്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന തോന്നല്‍ ശക്തമാണെന്നും യുവതി പ്രതികരിച്ചു.

പലപ്പോഴും മൂത്രവും, ബീജവും, മറ്റ് ശരീരസ്രവങ്ങളും സ്പ്രേയറിലാക്കിയാണ് ആളുകള്‍ പ്രയോഗിക്കുന്നതെന്നും ഇത് ഭയന്ന് പുറത്തിറങ്ങാന്‍ വരെ മടിയാണെന്നും ആളുകള്‍ പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ക്കിരയായവരില്‍ 99 ശതമാനം പേരും സ്ത്രീകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയായതിന് പിന്നാലെ കടുത്ത മാനസിക സംഘര്‍ഷവും ഉത്കണ്ഠയും തങ്ങളെ ബാധിച്ചതായും ആത്മവിശ്വാസം നഷ്ടപ്പെട്ടതായും ആളുകള്‍ വെളിപ്പെടുത്തി. കോസ്​വേ ബേയില്‍ നിന്നും മോങ് കോക്കില്‍ നിന്നുമാണ് ഇത്തരം ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ വച്ചാണ് പലപ്പോഴും ആക്രമണം ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഹോങ്കോങിലെ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വരുന്നുവെന്നും സ്വകാര്യഭാഗങ്ങള്‍ക്ക് നേരെയാണ് കൂടുതലായും ആക്രമമം ഉണ്ടാകുന്നതെന്നും യിപ് എന്ന യുവതിയും വെളിപ്പെടുത്തി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പൊതുവിടങ്ങളിലൂടെ സുരക്ഷിതമായി സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന അന്തരീക്ഷം ഒരുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

More than 170 Hongkongers have reported being splashed with substances they feared were bodily fluids in public over the past eight months says report.