എത്രയോ വര്‍ഷങ്ങളായി ഇസ്രയേലിന്‍റെയും നെതന്യാഹുവിന്‍റെയും കണ്ണിലെ കരടാണ് ഹസൻ നസ്റല്ല എന്ന 64കാരന്‍. പലവട്ടം വധിക്കാന്‍ ശ്രമിച്ചിട്ടും, തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഹിസ്ബുല്ല മേധാവി. വ്യോമാക്രമണത്തിലൂടെ നസ്റല്ലയെ പരലോകത്തയച്ചുവെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. എന്നാല്‍ ഹിസ്ബുല്ല ഇനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജീവനോടെയുണ്ടോ മരണപ്പെട്ടോ എന്ന് വ്യക്തമല്ലെങ്കിലും ഹസന്‍ നസ്റല്ലയുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ സംഭവ ബഹുലമാണ്.
വര്‍ഷം 1960, രാജ്യം – ലെബനന്‍, സ്ഥലം–ബാസൂരിയ്യ... അവിടെ അരപ്പട്ടിണിയില്‍ കഴിയുന്ന ഒരു ദരിദ്ര കുടുംബത്തില്‍ ഒരാണ്‍കുഞ്ഞ് പിറന്നു. അവന്‍റെ പേരാണ് ഹസൻ നസ്റല്ല. അവന്‍റെ വരവോടെ ആ കുടുംബത്തിന്‍റെ അരപ്പട്ടിണി മുഴുപ്പട്ടിണിയായി. അങ്ങനെ വിശപ്പ് താങ്ങാനാകാതെ കുടുംബം ജോലിതേടി തലസ്ഥാന നഗരിയായ ബെയ്‌റൂത്തിലേക്ക് കുടിയേറി.
ബെയ്‌റൂത്തിലെത്തിയ ഹസൻ നസ്റല്ലയുടെ പിതാവ് ഉന്തുവണ്ടിയില്‍ ചച്ചക്കറി നിറച്ച്, വീടുവീടാന്തരം കയറി വിറ്റ് കുടുംബം പുലർത്തി. പട്ടിണി മെല്ലെ മാറിത്തുടങ്ങി... ബെയ്‌റൂത്തിലെ കരന്തീനാ പ്രവിശ്യയിലായിരുന്നു നസ്റല്ലയുടെ ബാല്യകാലം മുഴുവനും. സ്കൂള്‍ വിട്ട് വന്നാല്‍ അവന്‍ പിതാവിനൊപ്പം ചച്ചക്കറിക്കച്ചവടത്തിന് ഇറങ്ങും.
അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് ലെബനനിൽ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. പ്രാണഭയം മൂലം നസ്റല്ലയും കുടുംബവും ജന്മനാടായ ബാസൂരിയ്യയിലെ തറവാട്ടു വീട്ടിലേക്ക് മടങ്ങി. അവിടെ പഠിച്ചുകൊണ്ടിരിക്കവേയാണ്, മൂസാ സദ്‌ർ സ്ഥാപിച്ച അമൽ പ്രസ്ഥാനത്തിൽ ചേർന്ന് നസ്റല്ല തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
ഇതിനിടെ മതം പഠിക്കണമെന്ന മോഹവുമായി നസ്‌റുല്ല ഇറാഖിലെ നജഫിലേക്ക് തിരിച്ചു. ഷിയാ മുസ്ലീംകളുടെ പുണ്യകേന്ദ്രമായ നജഫിൽ വെച്ച് അയാള്‍ അബ്ബാസ് മൂസവിയെ പരിചയപ്പെട്ടു. അതായിരുന്നു നസ്റല്ലയുടെ ജീവിതത്തിലെ വഴിത്തിരിവും ഹിസ്ബുള്ളയിലേക്കുള്ള യാത്രയും...
ഇറാഖിലെ ബാത്തിസ്റ്റ് ഭരണകൂടം മതവിദ്യാർത്ഥികളെ വേട്ടയാടാന്‍ തുടങ്ങിയതോടെ നസ്‌റുല്ല നജഫിൽ നിന്നും തന്‍റെ നാട്ടിലേക്ക് മടങ്ങി.
അബ്ബാസ് മൂസവി ലെബനനിലെ ബഅൽബക്കിൽ ശിയാ സെമിനാരി തുടങ്ങിയതോടെ തുടർപഠനം അവിടെയായി. ഇതിനിടെ ഇറാഖില്‍ ആയത്തുല്ലാ മുഹമ്മദ് ബാഖിർ സദ്‌റിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച ദഅവാ പാർട്ടിയുടെ സമാന്തര സംഘടന ലബനാനിൽ രൂപം കൊണ്ടു. ഇതോടെ നസ്‌റുല്ലയും അബ്ബാസ് മൂസവിയും അമലുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു.
1982ല്‍ ലെബനനിലെ ഇസ്രയേലി അധിനിവേശത്തിനെതിരെ പൊരുതാനായി ഇറാന്‍റെ പിന്തുണയോടെ നസ്‌റുല്ലയുടെ നേതൃത്വത്തില്‍ ചാവേർ ആക്രമണം ആരംഭിച്ചു. ആക്രമണം കൊടുമ്പിരി കൊള്ളവേ 1985ൽ ഹിസ്‌ബുല്ല രൂപീകൃതമായി. ഇസ്രയേലിനെതിരെ ജിഹാദ് നയിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ശൈഖ് സുബ്‌ഹിക്കും അബ്ബാസ് മൂസവിക്കും ശേഷം ഹിസ്ബുല്ലയുടെ അമരത്തേക്ക് ഹസൻ നസ്‌റുല്ല എത്തി. അയാള്‍ മിലിട്ടറി കമാന്‍ററായിമാറിയതോടെ ഹിസ്ബുള്ള കൂടുതല്‍ അപകടകാരിയായി. തെക്കൻ ലെബനനിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ നസ്‌റുല്ല നിരന്തരം ചാവേർ ആക്രമണം നടത്തി. അന്ന് മുതല്‍ ഇസ്രയേലിന്‍റെ കണ്ണിലെ കരടായി മാറി ആ പേര്.
ഇനി 2024 സെപ്റ്റംബറിലേക്ക് മടങ്ങിയെത്താം. സെപ്റ്റംബര്‍ 23നാണ് ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിലിനെ ഇസ്രയേല്‍ വധിക്കുന്നത്. ഷെബായിൽ ഇന്നലെ പുലർച്ചെ 3ന് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 25 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേരും ഉൾപ്പെടുന്നു. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ മാത്രം കൊല്ലപ്പെട്ടത് എഴുനൂറോളം പേർ.
ഹിസ്ബുല്ലയ്ക്കെതിരെ യുദ്ധം തുടരുമെന്ന് യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിക്കുന്നു. നസ്‌റുല്ല കൊല്ലപ്പെട്ടുവെങ്കില്‍ ഇനി ഹിസ്ബുള്ളയുടെ അടുത്ത നീക്കം എന്തായിരിക്കും... ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോകുമോ, അതോ പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുമോ?..