• നസ്റല്ലയുടെ സ്ഥാനം ചോര്‍ത്തിയത് ഇറാൻ ചാരൻ
  • നസ്റല്ല ഇസ്രയേലിൻറെ ഹിറ്റ് ലിസ്റ്റിൽപ്പെട്ടയാള്‍

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ച വ്യോമാക്രമണത്തിന് ഇസ്രയേലിന് വിവരം നൽകിയത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്. വ്യോമാക്രമണത്തിന് മണിക്കൂറുകൾ മുൻപ് നസ്റല്ലയുടെ സ്ഥാനം ഇറാൻ ചാരൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നസ്റല്ല കൊല്ലപ്പെട്ടത്.

Also Read: ആരാണ് കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ല?

ബെയ്റൂട്ടിന്റെ തെക്കൻ ഭാഗത്തുള്ള ഹിസ്ബുല്ലയുടെ അണ്ടർഗ്രൗണ്ട് ആസ്ഥാനത്ത് മുൻനിര അംഗങ്ങളുമായി ചർച്ച നടത്താൻ ഹസൻ നസ്റല്ല എത്തുമെന്നാണ് ഇസ്രയേസിന് ലഭിച്ച വിവരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല കൊല്ലപ്പെട്ട വിവരം ഇസ്രയേൽ സേന അറിയിക്കുന്നത്. പിന്നീട് ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിക്കുകയായിരുന്നു. 

40 വർഷത്തോളമായി സംഘടനയുടെ നേതൃത്വം വഹിക്കുന്ന നസ്റല്ല ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിൽ പെട്ടയാളാണ്. വ്യോമാക്രമണത്തിൽ 50 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങിയെന്നാണ് റിപ്പോർട്ട്. 

ഇസ്രയേൽ ഇന്റലിജൻസ്

2006 ലെ യുദ്ധത്തിന് ശേഷം രഹസ്യാന്വേഷണ സംവിധാനം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനമാണ്  ഹിസ്ബുല്ലയ്‌ക്കെതിരായ ഇസ്രായേലിന്‍റെ സമീപകാല വിജയങ്ങളെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ ഹിസ്ബുല്ല നേതാക്കളുടെ തന്ത്രങ്ങൾക്ക് കണ്ടെത്തുന്നതിനായാണ് സാങ്കേതിക സംവിധാനങ്ങൾ ഉപയോ​ഗിച്ചത്. ഇസ്രയേലിന്റെ സിഗ്നൽ ഇന്റലിജൻസ് ഏജൻസിയായ യൂണിറ്റ് 8200, ഹിസ്ബുല്ലയുടെ സെൽഫോണുകളും മറ്റ് ആശയവിനിമയങ്ങളും ഹാക്ക് ചെയ്യുന്നതിനായി അത്യാധുനിക സൈബർ ഉപകരണങ്ങൾ നിർമ്മിച്ചു. 

Also Read: ഹിസ്ബുല്ലയെ നയിക്കാന്‍ നസ്റല്ലയുടെ ബന്ധു?; ആരാണ് ഹാഷിം സഫീദ്ദീന്‍?

ഇത്തരം നീക്കങ്ങളുടെ ഫലമാണ് ഇസ്രയേലിന് ഹിസ്ബുല്ലയുടെ പേജറുകളിൽ സ്ഫോടനം നടത്താൻ സ​​ഹായകമായത്. ബുഡാപെസ്റ്റിൽ മൊസാദ് ഷെൽ കമ്പനി നിർമിക്കുകയും തായ്‍വാൻ കമ്പനിയിൽ നിന്ന് പേജറുകൾ നിർമിക്കാനുള്ള ലൈസൻസ് നേടുകയുമായിരുന്നു. പേജറുകൾ ലബനനിൽ എത്തുന്നതിന് മുൻപ് സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ മൊസാദിനെ സ​​ഹായിച്ചതും ഇതാണ്. ഇസ്രയേൽ നിരീക്ഷണം ഒഴിവാക്കാനാണ് ഹിസ്ബുല്ല പേജറുകളും വോക്കിടോക്കിയും ഉപയോ​ഗിച്ചിരുന്നത്

ENGLISH SUMMARY:

Iranian spy provided Israel with information to assassinate Hassan Nasrallah.