ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം ഉണ്ടാവില്ലെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്ന പ്രദേശത്താണ് മിസൈലുകള്‍ പതിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. വടക്കന്‍ ഗാസയില്‍ കഴിയുന്ന പലസ്തീനികളെ ഒഴിപ്പിച്ച് ഈ പ്രദേശം ഇസ്രയേലിനോട് ചേര്‍ക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തല്‍. ജനുവരിയില്‍ ട്രംപ് സര്‍ക്കാര്‍ യുഎസില്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് ഈ 'ദൗത്യം' ഇസ്രയേല്‍ പൂര്‍ത്തിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗാസയില്‍ ജനങ്ങളിപ്പോഴും കഴിയുന്ന മേഖലകളില്‍ സഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന യുഎസ് ആവശ്യം ഇസ്രയേല്‍ കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു. ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും എന്നാല്‍ ഇസ്രയേലിനുള്ള സൈനിക സഹായം കുറയ്ക്കില്ലെന്നും യുഎസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായത്.
അതിനിടെ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ബെയ്റൂട്ടിന്‍റെ തെക്കന്‍ പ്രദേശമായ ദഹിയ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ഹിസ്ബുല്ലയ്ക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലം കൂടിയാണ് ദഹിയ. ഇവിടെയുള്ള 11 കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. ദഹിയയില്‍ ഹിസ്ബുല്ല ആയുധങ്ങള്‍ സംഭരിച്ച് വച്ചിട്ടുണ്ടെന്നും ഇത് നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
മധ്യ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടെന്ന് ലബനനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 12ലേറെപ്പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. വീടുകള്‍ നഷ്ടപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന സ്ഥലത്താണ് മുന്നറിയിപ്പുകളേതുമില്ലാതെ ആക്രമണം ഉണ്ടായതെന്നും ലബനന്‍ ആരോപിച്ചു. ഹിസ്ബുല്ലയെ തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സെപ്റ്റംബര്‍ അവസാനത്തോടെയാണ് ഇസ്രയേല്‍ ലബനനില്‍ ആക്രമണം ശക്തമാക്കിയത്.