മധ്യേഷ്യയിൽ പുതിയയുദ്ധമുഖം തുറന്ന് ഇസ്രയേൽ . ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കെതിരെ നേരിട്ടുള്ള ആക്രമണം ആരംഭിച്ചിരിക്കുകയാണ് ഇസ്രയേൽ . ഇസ്രയേലുമായി നേരിട്ട് അതിർത്തിയില്ലാഞ്ഞിട്ടും സംഘർഷമുഖത്താണ് യെമനിലെ ഹൂതികൾ. ഹമാസുമായി ഇസ്രയേൽ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾക്കെതിരെ കനത്ത ആക്രമണമാണ് ഹൂതികൾ നടത്തിയത്. ഇത് കടന്നാണ് ഇരുവരും നേരിട്ട് ആക്രമണത്തിലേക്ക് കടക്കുന്നത്.
Also Read: ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലിന്‍റെ ഡസൻ കണക്കിന് യുദ്ധ വിമാനങ്ങൾ; തിരിച്ചടി
ഹൂതികളുടെ ആക്രമണം എന്തിന്
ഹിസ്ബുല്ലയെ പോലെ ഹൂതികളും ഹമാസിന് പിന്തുണയുമായി ഇസ്രയേലിൽ ആക്രമണം നടത്തുന്നുണ്ട്. സെപ്റ്റംബർ 15 ന് ഇസ്രയേലിലേക്ക് ഹൂതികൾ സൂപ്പർ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. 11.50 മിനിറ്റ് കൊണ്ട് 2,040 കിലോമീറ്റർ മിസൈൽ സഞ്ചരിച്ചെന്നും ഹൂതികൾ വ്യക്തമാക്കിയത്.
ഈ മിസൈൽ ആക്രമണത്തെ വായുവിൽ വച്ച് തന്നെ തകർക്കാൻ ഇസ്രയേലിനായി. ഈ നീക്കത്തിന് വലിയ വില നൽകേണ്ടി വരുമെന്നായിരുന്നു അന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.
ആവശ്യമുള്ളവരെ ഹൊദൈദ തുറമുഖം സന്ദർശിക്കാൻ ക്ഷണിക്കുന്നു എന്നും നെതന്യാഹു ഓർമപ്പെടുത്തി. ജൂലൈയിൽ യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ പരാമർശിച്ചായിരുന്നു നെതന്യാഹുവിൻറെ പ്രസംഗം. അന്ന് 20 ദശലക്ഷം ഡോളറിൻറെ നഷ്ടമാണ് യെമനിലുണ്ടായത് ഉണ്ടായത്. ഇതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇസ്രയേൽ യെമനിൽ ചെന്ന് ആക്രമിക്കുന്നത്.
Also Read: ഹസൻ നസ്റല്ലയെ വധിക്കാൻ ഇസ്രയേലിന് വിവരം നൽകിയത് ഇറാൻ ചാരനെന്ന് റിപ്പോർട്ട്
പുതിയ സംഘർഷം
കഴിഞ്ഞ ദിവസം ഇസ്രായേലിലെ ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമമുണ്ടായത്. യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രസംഗം നടത്തി തിരിച്ചെത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണമുണ്ടായത്. ഇതിന് പിന്നാലെയാണ് ഹൂതികളുടെ മർമം നോക്കി ഇസ്രയേലിന്റെ വ്യോമാക്രമണം.
തിരിച്ചടി മർമത്ത്
റാസ് ഇസയിലെയും ഹൊദൈദയിലെയും തുറമുഖങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണങ്ങൾ. യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ച് ശത്രുരാജ്യത്തെ സമ്മർദ്ദത്തിലാക്കുക എന്ന യുദ്ധ തന്ത്രമാണ് ഇസ്രയേൽ യെമനിൽ പ്രയോഗിച്ചത്. ഇസ്രയേലിൻറെ ഈ രീതി ദഹിയ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.
ഈ തുറമുഖം വഴി എത്തുന്ന സഹായത്തെ ആശ്രയിച്ചാണ് യെമനിലെ ഭൂരിഭാഗം ജനങ്ങളും കഴിയുന്നത്. ഇത് തിരിച്ചറിഞ്ഞാണ് തുറമുഖം ആക്രമിക്കാനുള്ള തീരുമാനം. ഈ ആക്രമണത്തിന് പിന്നാലെ ഹൊദൈദ നഗരത്തിൽ വൈദ്യുതി ബന്ധം താറുമാറായിരുന്നു എന്ന് റിപ്പോർട്ടുണ്ട്.
തളരില്ലെന്ന് ഹൂതികൾ
റാസ് ഇസിയിലെയും ഹുദൈദ പോർട്ടിലെയും ഓയിൽ ഡിപ്പോകളിലെ പെട്രോളിയം നേരത്തെ കാലിയാക്കിയിരുന്നു എന്നാണ് ഹൂതികൾ വ്യക്തമാക്കിയത്. ഇതുകൊണ്ടെന്നും ഇസ്രയേലിന് നേർക്കുള്ള മിസൈൽ ആക്രമണത്തെ തടയാനാകില്ലെന്നും ആക്രമണം തുടരുമെന്നും ഹൂതികൾ വ്യക്തമാക്കി.
യെമനിലെ ഹൂതികൾ കഴിഞ്ഞ 11 മാസത്തിനിടെ 220 ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേർക്ക് പ്രയോഗിച്ചത്. ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചു. ആക്രമണങ്ങൾ കൂടുതലും തെക്കൻ നഗരമായ എലാറ്റിലേക്കായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്ഥലവും വളരെ ദൂരെയല്ലെന്നാണ് ഇസ്രയേലിൻറെ പ്രതികരണം