ഇസ്രയേലിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസെന്നും വിശേഷിപ്പിച്ച ഖമനയി, ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമാണെന്നും പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ടെഹ്റാനില്‍‌ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ ശേഷമായിരുന്നു ഖമനയിയുടെ മുന്നറിയിപ്പ്.

ഒക്ടോബര്‍‌ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മൂന്ന് ദിവസം മുന്‍പാണ് ഇറാന്‍റെ പരമോന്നത നേതാവും ആത്മീയാചാര്യനുമായ അയത്തുല്ല ഖമനയിയുടെ പ്രഭാഷണം. ഇസ്രയേല്‍ ദീര്‍‌ഘകാലം നിലനില്‍ക്കില്ലെന്നും ഹമാസ് നടത്തിയ ആക്രമണം ഉചിതവും നിയമപരവുമാണെന്നും പറഞ്ഞ ഖമനയി, ഹമാസിനെയോ ഹിസ്ബുല്ലയേയോ ജയിക്കാന്‍ ഇസ്രയേലിനാകില്ലെന്ന് വ്യക്തമാക്കി. ശത്രുവിന്‍റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും ഒന്നിച്ചുനില്‍ക്കണമെന്നുമായിരുന്നു അഹ്വാനം. 

മുസ്ലിങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയെന്നതാണ് ശത്രുക്കളുടെ ലക്ഷ്യമെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഓരോ രാജ്യത്തിനുണ്ടെന്നും ഖമനയി വ്യക്തമാക്കി. ഇസ്രയേല്‍ വധിച്ച ഹിസ്ബുല്ല നേതാവ് നസ്റല്ലയുടെ അനുസ്മരണത്തിന് ശേഷമായിരുന്നു ഖമനയിയുടെ അറബിക്കിലും പേര്‍ഷ്യനിലുമുള്ള പ്രഭാഷണം. ഇസ്രയേലെന്ന ശത്രുവിനെതിരെ ഉയര്‍ന്നുനിന്ന പതാകയായിരുന്നു നസ്റല്ല. ഹിസ്ബുല്ലയ്ക്കും ഹമാസിനും പിന്തുണ ആവര്‍ത്തിച്ച ഖമനയി, അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ഉത്തരവാദിത്തമാണെന്നും പറഞ്ഞു. 

മേഖലയേയും ഇവിടെയുള്ള വിഭവങ്ങളേയും നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ഉപകരണമാണ് ഇസ്രയേലെന്നും ഖമനയി വ്യക്തമാക്കി. 2020 ജനുവരിക്ക് ശേഷം ആദ്യമായാണ് ഖമനയി പൊതുപ്രഭാഷണം നടത്തുന്നത്. അതേസമയം, ലബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ വാര്‍ത്താവിനിമയ വിഭാഗം മേധാവി മുഹമ്മദ് റാഷിദ് സഖാഫി കൊല്ലപ്പെട്ടു. ലബനനിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.

അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് നിലവില്‍ പൗരന്‍മാരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യ. സാധാരണ വിമാന സര്‍‍വീസുകള്‍ ഇപ്പോഴും നിലവിലുണ്ട്. സംഘര്‍ഷമുള്ള രാജ്യങ്ങളിലെ ചിലര്‍ എംബസികളെ ബന്ധപ്പെട്ടിട്ടുണ്ട്. ലബനനില്‍ 3,000 ഇന്ത്യക്കാരും ഇറാനില്‍ 10,000വും ഇസ്രയേലില്‍ 30,000 ഇന്ത്യക്കാരുമുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യാപിക്കാതെ നോക്കണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും വിദേശാകര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്‌വാള്‍ പറഞ്ഞു

ENGLISH SUMMARY:

Iran's supreme leader Khamenei called Israel a “vampire” regime and the US a “rabid dog” in the region. He says the Islamic Republic will carry out “any related duties” against Israel with “strength and fortitude”.