ഇന്ത്യക്കാരന്‍റെ സാധനങ്ങള്‍ വാരി പുറത്തിട്ട് വീടൊഴിപ്പിച്ച് കാനഡക്കാരനായ വീട്ടുടമ. മുന്‍കൂട്ടി അറിയിച്ച തീയതിയില്‍ വീട് ഒഴിയാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമമായ എക്സിലാണ് (ട്വിറ്റര്‍) 15 സെക്കന്‍റ് ദൈര്‍ഘ്യം വരുന്ന വിഡിയോ പ്രചരിക്കുന്നത്. വീട്ടുടമ സാധനങ്ങള്‍ വാരി വെളിയിലേക്ക് ഇടുന്നത് കണ്ട് നിസഹായനായി നില്‍ക്കുന്ന ഇന്ത്യക്കാരനെയും വിഡിയോയില്‍ കാണാം. കാനഡയിലെ ബ്രാംപ്ടണിലാണ് സംഭവം.
'നിങ്ങളെന്തിനാണ് കള്ളം പറയുന്നത്, നിങ്ങള്‍ വീടൊഴിയാന്‍ പറഞ്ഞ തീയതി ആയിട്ടില്ലല്ലോ' എന്ന് ഇന്ത്യക്കാരന്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഇരുവരും പരസ്പരം ചൂടാകുന്നതും ദൃശ്യങ്ങളിലുണ്ട്. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ കമന്‍റുകളായി നിറയുന്നത്. 'ഇതൊന്നും വലിയ പ്രശ്നമാക്കേണ്ടെ'ന്ന് ചിലര്‍ കുറിച്ചപ്പോള്‍ 'ഇത് കാനഡയുടെ തന്നെ മാന്യതയെ ബാധിക്കുന്ന വിഷയമാണെന്നും വാടകക്കാരനെ ഇങ്ങനെ ഇറക്കി വിടേണ്ടിയിരുന്നില്ലെ'ന്നും ചിലര്‍ കുറിച്ചു. മറ്റു ചിലരാവട്ടെ, വീട്ടുടമയുടെ നടപടിയെ വളരെ സരസമായാണ് എടുത്തത്. 'വീട്ടുസാധനങ്ങള്‍ മാറ്റുന്നത് എളുപ്പമായല്ലോ' എന്നായിരുന്നു പ്രതികരണം. വീട്ടുടമയുടെ കാര്യവും വീട്ടില്‍ നിന്ന് 'കുടിയൊഴിപ്പിക്കപ്പെട്ട'യാളുടെ കാര്യവും കഷ്ടമാണെന്നും കമന്‍റുകളിലുണ്ട്.
അതേസമയം, 'ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കുമാണ് നാണക്കേടുണ്ടായതെന്നും ഇന്ത്യക്കാര്‍ക്ക് വീടു കൊടുക്കാന്‍ ഇനി ആളുകള്‍ മടിക്കുമെന്നു'മായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 'ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിക്കളഞ്ഞു. ഒരോ നാട്ടിലും ഓരോ നിയമങ്ങളുണ്ട് അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഒരാളുടെ മോശം പെരുമാറ്റം എല്ലാവരെയും ബാധിക്കുമെന്നും' കമന്‍റിട്ടയാള്‍ വിശദീകരിക്കുന്നു. 'ഇന്ത്യയിലാണ് ഇപ്പോഴും കഴിയുന്നതെന്ന് കരുതിയാവും വാടകക്കാരന്‍ ഇങ്ങനെ ചെയ്തതെന്നുമാണ് മറ്റൊരു കമന്‍റ്. പറഞ്ഞ സമയത്ത് വീട് ഒഴിയാതിരിക്കാന്‍ വാടകക്കാരന് എന്തെങ്കിലും കാരണം കാണുമെന്നും എന്നാല്‍ അത് വീട്ടുടമയ്ക്ക് ആ വീടിന് മേലുള്ള അധികാരം ഇല്ലാതെയാക്കുന്നില്ല എന്നുമായിരുന്നു മറ്റൊരാള്‍ കുറിച്ചത്.