യുകെയില്‍ നടന്ന ഒരു അസാധാരണമായ മോഷണശ്രമമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് സ്ഥലംവിട്ടത് വീട്ടിലെ ജോലികളെല്ലാം ചെയ്തുതീര്‍ത്താണ്. സ്ഥിരം മോഷണ പ്രവൃത്തികള്‍ക്ക് പകരം ഇയാള്‍ യുവതിക്കായി പാചകവും വീട്ടിലെ മറ്റ് ജോലികളും ചെയ്തു. ഒടുവില്‍ ‘വിഷമിക്കേണ്ട, സന്തോഷവതിയായിരിക്കൂ’ എന്ന കുറിപ്പും എഴുതിവച്ചിട്ടാണ് ഇയാള്‍ വീടുവിട്ടത്. സംഭവത്തില്‍ അറസ്റ്റിലായ 36വയസുകാരന്‍ ഡാമിയൻ വോജ്‌നിലോവിക്‌സിനെ കാർഡിഫ് ക്രൗൺ കോടതി 22 മാസത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
ജൂലൈ 16 ന് മോൺമൗത്ത്ഷെയറിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. യുവതി ജോലിക്കുപോയ തക്കം നോക്കിയാണ് മോഷ്ടാവ് വീട്ടില്‍ പ്രവേശിക്കുന്നത്. വീട്ടില്‍ കയറിയ യുവാവ് ആദ്യം കാണുന്നത് തുറക്കാതെ വച്ചിരുന്ന പുതിയ ഷൂവിന്‍റെ പെട്ടിയാണ്. പെട്ടി തുറന്ന മോഷ്ടാവ് ഷൂവെടുത്ത് പുറത്തുവയ്ക്കുകയും പെട്ടിയും പ്ലാസ്റ്റികും ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുകയും ചെയ്തു. അടുക്കളയിലെത്തിയ മോഷ്ടാവ് കവറുകളില്‍ നിന്നും പലചരക്ക് സാധനങ്ങൾ എടുത്ത് ഫ്രിജില്‍വച്ചു. പിന്നാലെ വളര്‍ത്തുപക്ഷികള്‍ക്ക് തീറ്റ നല്‍കി. വീട്ടിലെ ചെടിച്ചട്ടികള്‍ വൃത്തിയാക്കി. തറ തുടച്ചു. വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടു, മാലിന്യം ഉപേക്ഷിച്ചു. പോകുന്നതിന് വീട്ടുടമയ്ക്കായി ഭക്ഷണം പാകം ചെയ്യുകയും ചെയ്തു.
യുവതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വീകരണമുറിയിലെ മേശപ്പുറത്ത് കഴിച്ചുതീര്‍ത്ത നിലയില്‍ ഒരുകുപ്പി റെഡ് വൈനും അടുത്തായി ഒഴിഞ്ഞ ഗ്ലാസും മധുരപലഹാരങ്ങളുമാണ് കാണുന്നത്. സംശയം തോന്നിയ യുവതി അയല്‍ക്കാരനോട് കാര്യം തിരക്കി. അയല്‍ക്കാരനാണ് ആരോ തുണി അലക്കിക്കൊണ്ട് നില്‍ക്കുന്നതായി കണ്ടാതായി അറിയിക്കുന്നത്. പിന്നാലെ പൊലീസില്‍ അറിയിച്ചു. മോഷ്ടാവ് പിടിക്കപ്പെടുന്നതുവരെ സ്വന്തം വീട്ടിൽ താമസിക്കാൻ തനിക്ക് ഭയമായിരുന്നു എന്നാണ് യുവതി പറഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. തന്നെ അറിയാവുന്ന ആരെങ്കിലും ചെയ്തതാണോ താന്‍ ഒറ്റയ്ക്ക് താമസിക്കുന്നതായി അയാള്‍ക്ക് അറിയാമായിരുന്നോ എന്നും യുവതി ആശങ്കപ്പെട്ടിരുന്നു. മോഷ്ടാവ് പിടിക്കപ്പെടുന്നതുവരെ സുഹൃത്തിനൊപ്പമാണ് യുവതി സ്വന്തം വീട്ടില്‍ കഴിഞ്ഞത്.
ഇതിനിടയില്‍ ജൂലൈ 29 ന് മറ്റൊരു വീട്ടിലും യുവാവ് മോഷണം നടത്തി. മോഷ്ടാവ് അതിക്രമിച്ചു കയറിയതിനു പിന്നാലെ വീട്ടുടമസ്ഥന്‍റെ ഫോണിലേക്ക് സിസിടിവിയില്‍ നിന്നുള്ള അലര്‍ട് ലഭിച്ചു. ഉടമസ്ഥന്‍ സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് തന്‍റെ വീട്ടിലൂടെ നടക്കുന്നതായാണ് കാണുന്നത്. ഇത്തവണ സ്വന്തം വസ്ത്രങ്ങള്‍ അയാള്‍ അലക്കുകയും കുളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഹോട്ട് ടബ് വൃത്തിഹീനമാക്കിയ ശേഷമാണ് ഇയാള്‍ സ്ഥലം വിട്ടത്. മുന്നറിയിപ്പ് ലഭിച്ച ഉടന്‍ വീട്ടുടമസ്ഥൻ തന്‍റെ മരുമകനോട് വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. അദ്ദേഹം എത്തുമ്പോള്‍ മദ്യപിച്ച് ലക്കുകെട്ട് കയ്യില്‍ ഗ്ലാസുമായാണ് മോഷ്ടാവിനെ കാണുന്നത്. ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു. രണ്ടിടത്തെയും സംഭവങ്ങളറിഞ്ഞ പൊലീസ് രണ്ടും ചെയ്തത് ഒരാളാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെയാണ് മോഷ്ടാവ് പിടിയിലാകുന്നത്.